‘എടോ ഞങ്ങളുടെ കൂടെ ആണ്‍കുട്ടികളില്ലാത്തതു കൊണ്ടല്ല; പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല ഈ സ്ഥലം; ഈ വേഷം കെട്ടലൊക്കെ കണ്ട് വീട്ടില്‍ പോകുന്നയാളല്ല ശോഭ സുരേന്ദ്രന്‍’

single-img
17 April 2019

ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ മണ്ഡല പര്യടനത്തിനിടെ പള്ളിക്കലില്‍ സംഘര്‍ഷം. പള്ളിക്കല്‍ ടൗണില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നു. ഇവിടേയ്ക്ക് ശോഭ സുരേന്ദ്രന്റെ വാഹന വ്യൂഹമെത്തിയപ്പോള്‍ സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ കൂകി വിളിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

എന്നാല്‍ എതിര്‍ പക്ഷത്തിന്റെ മുദ്രാവാക്യം ശ്രദ്ധിക്കാതെ അവരെ കണക്കറ്റ് വിമര്‍ശിക്കുകയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. സി.പി.എം സ്ഥാനാര്‍ത്ഥിയായ സമ്പത്ത് വരുമ്പോള്‍ ഇത് പോലെ ചെയ്യാന്‍ ഞങ്ങളുടെ കൂടെ ആണ്‍കുട്ടികളില്ലാത്തതുകൊണ്ടല്ലെന്ന് പറഞ്ഞാണ് ശോഭ സുരേന്ദ്രന്‍ പ്രസംഗിച്ച് തുടങ്ങിയത്.

പ്രവര്‍ത്തകരെ സി.പി.എം മാന്യത പഠിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വേഷം കെട്ടലൊക്കെ കണ്ട് വീട്ടില്‍ പോകുന്നയാളല്ല ശോഭ സുരേന്ദ്രന്‍. ഇതൊക്കെ നിങ്ങള്‍ മനസിലാക്കണം. ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നയാളല്ല താനെന്നും, പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല ഈ സ്ഥലമെന്നും എതിര്‍ക്കുന്നവരെ നിയമപരമായി നേരിടുമെന്നും അവര്‍ പ്രസംഗിച്ചു. പൊലീസ് സ്റ്റേഷന്റെ മൂക്കിന് മുന്നിലാണ് ഈ സംഭവമെല്ലാം നടന്നത്. എന്നാല്‍ പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും മാറ്റാന്‍ അവര്‍ക്കായില്ല. പൊലീസിന്റെ നിഷ്‌ക്രിയത്വത്തെയും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. പത്ത് മിനിറ്റോളം പ്രസംഗിച്ചാണ് ശോഭാ സുരേന്ദ്രന്‍ സ്ഥലം വിട്ടത്.