പരസ്യത്തിനായി രണ്ട് കോടി രൂപ പ്രതിഫലം വാഗ്ദാനം; ഫെയര്‍നെസ്സ് ക്രീം ബ്രാൻഡിന്റെ ഓഫർ നിരസിച്ച് സായ് പല്ലവി

single-img
17 April 2019

സിനിമയിലെ സാമ്പ്രദായിക നടപടികളില്‍ നിന്നും അകന്ന് ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലാത്ത നടിയാണ് സായ് പല്ലവി . ഇപ്പോള്‍ സായ് പല്ലവിയുടെ മറ്റൊരു ബോള്‍ഡ് നിലപാട് വാര്‍ത്തകളില്‍ ഇടം പിടിക്കുകയും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്യുകയാണ്. പരസ്യത്തില്‍ മോഡല്‍ ആകാന്‍ രണ്ട് കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ച പ്രശസ്തമായ സൗന്ദര്യ വര്‍ധക ക്രീം ബ്രാന്‍ഡിനോട് നോ പറഞ്ഞാണ് സായ് പല്ലവി താരമായിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇരുപത് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള സായ് പല്ലവിയെ വളരെ പ്രതീക്ഷയോടെയാണ് പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡ് പരസ്യത്തിനായി സമീപിച്ചത്. പക്ഷെ സായ് പല്ലവി ആ ഓഫര്‍ നിരസിക്കുകയായിരുന്നു. സായ് പല്ലവിയുടെ വ്യക്തിപരമായ പ്രത്യേകത സിനിമയ്ക്കകത്തും പുറത്തും മേക്കപ്പ് തീരെ ഉപയോഗിക്കാത്ത നടിയാണെന്നുള്ളതാണ്. സിനിമയിലാകട്ടെ, കഥാപാത്രത്തിന് അത്ര നിര്‍ബന്ധമാണെങ്കില്‍ മാത്രമാണ് സായ് പല്ലവി കുറച്ചെങ്കിലും മേക്കപ്പ് ഉപയോഗിക്കുക.

ഇങ്ങിനെയുള്ള ഒരാള്‍ പ്രതിഫലം മാത്രം മോഹിച്ചുകൊണ്ട്‌ സമൂഹത്തെ കബളിപ്പിക്കേണ്ട കാര്യമില്ല എന്നായിരിക്കണം സായ് പല്ലവി ചിന്തിച്ചിരിക്കുക. ഒരു സിനിമാ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ റിപ്പോര്‍ട്ട് പുറത്ത് വന്നതു മുതല്‍ സായ് പല്ലവിയുടെ നിലപാടിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരണത്തിന് സായ് പല്ലവി തയാറായിട്ടുമില്ല.