‘രാഹുല്‍ വരുന്നുണ്ടേ… രാഹുല്‍ ഗാന്ധി വരുന്നുണ്ടേ…’; പിജെ ജോസഫിന്റെ പാട്ട് കേട്ട് താളമിട്ട് രാഹുല്‍

single-img
17 April 2019

സുല്‍ത്താന്‍ ബത്തേരിയില്‍ ആദ്യ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് പിജെ ജോസഫിന്റെ പാട്ട്. രാഹുലിന്റെ പ്രസംഗം തീര്‍ന്ന ഉടനെയാണ് കയ്യില്‍ പാട്ടെഴുതിയ പേപ്പറുമായി പിജെ ജോസഫ് എഴുന്നേറ്റത്. അടുത്ത് നിന്ന കെസി വേണുഗോപാല്‍ ജോസഫിനെ രാഹുലിന്റെ ശ്രദ്ധയില്‍ പെടുത്തി. രാഹുല്‍ ഗാന്ധിയുടെ കൂടി അനുവാദത്തോടെയായിരുന്നു പിജെ ജോസഫിന്റെ പാട്ട്. സാധാരണക്കാരായ രണ്ട് വനിതകള്‍ എഴുതിയത് എന്ന ആമുഖത്തോടെ തുടക്കം.

‘രാഹുല്‍ വരുന്നുണ്ടെ രാഹുല്‍ ഗാന്ധി വരുന്നുണ്ടേ,

നമ്മുടെ സാരഥി ധീരനാം നായകന്‍ വയനാട്ടിലെത്തീട്ടുണ്ടേ,

കാത്തിരുന്ന് കണ്ടോളു, ഓര്‍ത്തിരുന്ന് ചെയ്‌തോളു.

ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും

രാഹുല്‍ജി മുന്നില്‍ തന്നെ, കൈപ്പത്തി മുന്നില്‍ തന്നെ’…

ഇതായിരുന്നു ജോസഫിന്റെ പാട്ട് .

പിജെ ജോസഫിന്റെ തൊട്ടടുത്ത് തന്നെ നിന്ന രാഹുല്‍ ഗാന്ധി അര്‍ത്ഥം മനസിലാക്കിയോ അല്ലാതെയോ തലകുലുക്കി ഇടക്ക് താളമിട്ടു. തൊട്ടുപ്പുറം നിന്ന കെസി വേണുഗോപാലിനെ നോക്കി ഇടക്ക് ചിരിച്ചു. വേദിയിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയുമുള്‍പ്പെടെയുള്ള നേതാക്കളുടെ മുഖത്ത് നിറചിരി. രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയവരെല്ലാം കയ്യടിച്ച് താളമിട്ടു. പാട്ട് അവസാനിച്ചപ്പോള്‍ പിജെക്ക് കൈ കൊടുത്ത് ചിരിച്ച് രാഹുലിന്റെ അഭിനന്ദനം.

കടപ്പാട്: ഏഷ്യാനെറ്റ്