യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാത്തതും അംബാനിക്ക് 30,000 കോടി നല്‍കിയതുമാണ് ദേശദ്രോഹം: രാഹുല്‍ ഗാന്ധി

single-img
17 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വീണ്ടും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ‘ഭായ്’ ആയതാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യതയെന്ന് അദ്ദേഹം പരിഹസിച്ചു. സാമ്പത്തിക തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ് എന്നിവയാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാത്തതും അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടി രൂപ നല്‍കിയതുമാണ് യഥാര്‍ഥ ദേശവിരുദ്ധതയെന്ന് രാഹുല്‍ ഗാന്ധി കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ നല്‍കിയിട്ടുള്ളത്. പിന്നെ എങ്ങനെയാണ് കോണ്‍ഗ്രസ് ദേശവിരുദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പറയാന്‍ സാധിക്കുക. രാജ്യത്തെ വിഭജിക്കുക എന്നതാണ് ഏറ്റവും വലിയ ദേശവിരുദ്ധത.

27000 യുവാക്കള്‍ക്കാണ് ഓരോ മണിക്കൂറിലും രാജ്യത്ത് തൊഴില്‍ നഷ്ടപ്പെടുന്നത്. ഇത് ദേശദ്രോഹമാണ്. കാര്‍ഷികമേഖലയെ നശിപ്പിക്കുന്നത് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമാകുന്നു. ഇത് ദേശദ്രോഹമാണ്. രാജ്യത്തിന്റെ 30000 കോടി അനില്‍ അംബാനിക്ക് നല്‍കിയത് ദേശദ്രോഹമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കാന്‍ അനുവദിക്കുന്നതെന്ന് നരേന്ദ്രമോദി വ്യക്തമാക്കണം. ഇതൊക്കെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകുമെന്നും രാഹുല്‍ പറഞ്ഞു.

നിങ്ങളെന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാത്ത്. കേരളത്തിലെയും ഒഡീഷയിലെയും ഡല്‍ഹിയിലെയും ഉള്‍പ്പെടെയുള്ള പ്രാദേശിക, ദേശീയ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.

റഫാല്‍ കേസിലെ സുപ്രീംകോടതി വിധിയെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം അതേപ്പറ്റി പ്രതികരിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. ജീവിതത്തില്‍ ഇന്നേവരെ വിമാനം നിര്‍മിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് കടം മൂലം ജയിലില്‍ പോകേണ്ടിയിരുന്ന അവസ്ഥ സഹോദരനാല്‍ ഒഴിവാക്കി കിട്ടിയ ഒരാള്‍ക്ക് ലോകത്തിലേറ്റവും വലിയ പ്രതിരോധ കരാര്‍ നല്‍കിയതെന്തിനാണെന്ന് പ്രധാനമന്ത്രി മറുപടി നല്‍കിയേ പറ്റു. അദ്ദേഹത്തെ അനില്‍ഭായ് എന്ന് വിളിക്കുന്നതുകൊണ്ടുമാത്രമാണോ, അത് മാത്രമാണോ അനില്‍ അംബാനിയുടെ യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു.