Featured

‘അയാളുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ഓക്കാനും വരാറുണ്ട്’; പീഡനത്തിന് ഇരയായ മകള്‍ എഴുതിയ കുറിപ്പ് പങ്കുവച്ച് ഒരച്ഛന്‍

പന്ത്രണ്ടാം വയസ്സില്‍ പീഡനത്തിന് ഇരയായ അനുഭവത്തെക്കുറിച്ചു മകള്‍ എഴുതിയ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഒരച്ഛന്‍. ഹ്യൂമന്‍സ് ഓഫ് പാട്രിയാര്‍ക്കി എന്ന പേജിലൂടെയാണ് ഈ തുറന്നെഴുത്ത്. മകളുടെ അനുഭവം കവയത്രികളും ഫെമിനിസ്റ്റുകളും സാഹിത്യകാരികളുമെല്ലാം കാണണമെന്ന ആമുഖത്തോടയാണ് കുറിപ്പ്. മകളുടെ പോരാട്ടത്തില്‍ അഭിമാനമുണ്ടെന്നും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നു.

കുറിപ്പ് വായിക്കാം;

മുതിര്‍ന്നവരെ ബഹുമാനിക്കണം. ചെറുപ്പത്തില്‍ എന്റെ മാതാപിതാക്കളും പഠിപ്പിച്ചത് ഇതുതന്നെയാണ്. പ്രായത്തില്‍ മുതിര്‍ന്നവര്‍ ആരാണെങ്കിലും ഈ ഒരു ഉപദേശത്തിന്റെ പേരില്‍ അനര്‍ഹമായ പരിഗണനയ്ക്കു പാത്രമാകാറുണ്ട്. ആണ്‍കുട്ടികളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണമെന്നും അപരിചിതര്‍ തരുന്നത് വാങ്ങിക്കഴിക്കരുതെന്നും ഉപദേശിച്ചിരുന്നു. എന്നാല്‍ എന്റെ കണക്ക് അധ്യാപകനെ അവര്‍ക്കു വിശ്വാസമായിരുന്നു. 50 വയസ്സോളം പ്രായമുള്ള ഒരു അധ്യാപകന്‍ പന്ത്രണ്ടുകാരിയോട് മര്യാദയില്ലാതെ പെരുമാറുമെന്ന് ചിന്തിക്കുക അവര്‍ക്ക് അസാധ്യമായിരുന്നു.

ചെറുപ്പം മുതല്‍ ഞാന്‍ കണക്കിനു മോശമായിരുന്നു. ട്യൂഷനു പോകാതെ പറ്റില്ലെന്ന അവസ്ഥയിലാണ് അയാളുടെ അടുത്തേക്കു പഠിക്കാന്‍ വിടുന്നത്. എപ്പോഴും വെള്ള വസ്ത്രമണിഞ്ഞ് ഒരു ചെറുചിരിയോടു കൂടിയാണ് അയാള്‍ നടക്കുന്നത്. ആ നടപ്പ് ഒരു കള്ളന്റേതായിരുന്നെന്ന് വൈകിയാണ് അറിഞ്ഞത്.

12 വയസുള്ള ഒരു പെണ്‍കുട്ടിയെ പലരീതിയില്‍ അയാള്‍ വശീകരിച്ചെടുത്തു. ഗ്രൂമിങ്ങ് എന്താണെന്നു പോലും അറിയാതിരുന്ന പ്രായത്തില്‍ എന്നെ അതിനു വിധേയയാക്കി. അയാളുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ഓക്കാനും വരാറുണ്ട്.

എന്റെ കഥ ഏറെ സങ്കീര്‍ണ്ണമാണ്. അതില്‍ ചോരകൊണ്ട് എഴുതിയ കത്തുകളുണ്ട്, ബൈബിളില്‍ തൊട്ടുള്ള പ്രതിജ്ഞകളുണ്ട്, ആത്മഹത്യാ ഭീഷണിയുമുണ്ട്. വീട്ടുകാര്‍ കണ്ടെത്തുന്ന രണ്ടു മാസം വരെ അയാള്‍ പലരീതിയില്‍ എന്നെ പീഡിപ്പിച്ചു.

എന്നിലെ കുട്ടിത്തം അയാളുടെ മോശം സ്പര്‍ശങ്ങളില്‍ ഇല്ലാതായി. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അതൊന്നും മറക്കാനാകുന്നില്ല. എന്റെ പ്രായത്തിലുള്ള ഒരു ആണ്‍കുട്ടിയെ പ്രണയിക്കുന്നതോ ചുംബിക്കുന്നതോ എനിക്കു സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല. ഓരോ പുരുഷനിലും ഞാന്‍ കാണുന്നത് അയാളുടെ വൃത്തിക്കെട്ട മുഖമാണ്.

ഇതേ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഈ കുറിപ്പ്. അയാള്‍ ഇപ്പോഴും അശോക് നഗറില്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. എന്റെ ജീവിതം നശിപ്പിച്ചിട്ട് യാതൊന്നും സംഭവിക്കാത്തതുപോലെ അയാള്‍ ജീവിക്കുന്നു. മറ്റു പല ലൈംഗിക കുറ്റവാളികളെയും പോലെ വളരെ സ്വാഭാവികമായ ജീവിതം നയിച്ചുകൊണ്ട് അയാള്‍ ഈ സമൂഹത്തിലുണ്ട്.

ഒന്നും വെളിപ്പെടുത്താതെ നിശബ്ദമായി കഴിച്ചുകൂട്ടിയ ഈ അഞ്ചുവര്‍ഷവും, അയാള്‍ക്കു ശിക്ഷ ലഭിക്കുവാന്‍ എല്ലാ ദൈവങ്ങളെയും വിളിച്ചു ഞാന്‍ കരഞ്ഞു. ഇനിയും മിണ്ടാതിരിക്കാന്‍ എനിക്കാവില്ല. ഈ ചങ്ങലകള്‍ ഒന്നഴിച്ചു തരൂ സ്‌നേഹിതരെ.. ഇത്രയും കാലം ഞാനടക്കിവെച്ച, ഓരോ നിമിഷവും എന്റെ ഉള്ളില്‍ കിടന്നു തിളയ്ക്കുന്ന ജ്വാലാമുഖി ഞാന്‍ നിങ്ങളെക്കാണിക്കാം..!