ആരെത്ര വൈകിപ്പിച്ചാലും നീതി ലഭിക്കുകതന്നെ ചെയ്യും: നടി പാര്‍വതി

single-img
17 April 2019

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുന്നതായി നടി പാര്‍വതി. എന്നാല്‍ അതില്‍ ഡബ്ലു.സി.സിക്കോ തനിക്കോ ആശങ്കയില്ലെന്നും ആരെത്ര വൈകിപ്പിച്ചാലും നീതി ലഭിക്കുകതന്നെ ചെയ്യുമെന്നും ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

വിചാരണ വൈകിപ്പിക്കുന്നവരുടെ പ്രവൃത്തികള്‍ ആളുകള്‍ കാണുന്നുണ്ട്. അതുവഴി സത്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആളുകള്‍ അവരെത്തന്നെ തുറന്നുകാട്ടുകയാണ്. കൂറുമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ അവര്‍ ചെയ്യിപ്പിക്കുന്നതും ചെയ്യുന്നതും ആളുകള്‍ കാണുന്നുണ്ട്.

ഇതും ഒരു വിചാരണയാണ്. സാമൂഹികമായ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു. മലയാളസിനിമയില്‍ അരക്ഷിതാവസ്ഥയില്ലെന്ന് പറയാന്‍ തനിക്കു കഴിയില്ലെന്നും പാര്‍വതി പറഞ്ഞു. ഡബ്ലു.സി.സിയും അമ്മയും മുന്‍പെങ്ങനെ ആയിരുന്നോ അതുപോലെതന്നെയാണ് ഇപ്പോഴുമെന്നും തങ്ങള്‍ നേരത്തേ പറഞ്ഞതുപോലെതന്നെ നിരാശരാണെന്നും പാര്‍വതി വ്യക്തമാക്കി. അതേസമയം ഈ അവസ്ഥയില്‍ പുതിയ ആളുകള്‍ വന്നാല്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.