മോദിയെ പുറത്താക്കാന്‍ സഹായം തേടി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനില്‍ പോയി; പാക് കാര്‍ഡിറക്കി വീണ്ടും ബി.ജെ.പി

single-img
17 April 2019

ബിജെപി വീണ്ടും അധികാരത്തില്‍ വരണമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. പ്രസ്താവനയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് ഗൂഡാലോചനയുണ്ടോയെന്നു സംശയിക്കുന്നതായും അവര്‍ പറഞ്ഞു.

മോദിയെ പുറത്താക്കാന്‍ പാകിസ്ഥാനില്‍നിന്നു സഹായം തേടാറുള്ളത് കോണ്‍ഗ്രസ് ആണെന്നും ഈ പ്രസ്താവനയ്ക്കു പിന്നിലും അവര്‍ തന്നെയാണോയെന്നു സംശയിക്കണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

‘എങ്ങനെയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നതെന്ന് എനിക്കറിയില്ല. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും മോദിയെ പുറത്താക്കാന്‍ സഹായം തേടി പാക്കിസ്ഥാനില്‍ പോയിട്ടുണ്ട്. ഇതും അത്തരമൊരു നീക്കത്തിന്റെ ഭാഗമാണോയെന്നു സംശയമുണ്ട്’ എഎന്‍ഐയോട് പ്രതിരോധമന്ത്രി പറഞ്ഞു.

നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പു വേളയില്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിനെതിരെ സമാനമായ ആരോപണം ഉന്നയിച്ചത് വിവാദമായിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പാക്കിസ്ഥാന്‍ ഇടപെട്ടുവെന്നായിരുന്നു മോദിയുടെ ആരോപണം. പാക് പ്രതിനിധികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം.

ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്ന് കണ്ട് മോദി ‘പാക്കിസ്ഥാന്‍ കാര്‍ഡ്’ ഇറക്കുകയാണെന്ന ആരോപണമാണ് ഉയര്‍ന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറാണ് അടുത്തതായി വരാന്‍ പോകുന്നതെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ഒരു ഒത്തുതീര്‍പ്പ് ആവശ്യപ്പെടാന്‍ ഭയമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.