നേഗിക്ക് ഓവര്‍ കൊടുക്കാന്‍ നെഹ്റ വിളിച്ചുപറഞ്ഞു; അനുസരിച്ച കോലിക്ക് പണികിട്ടി!
മുംബൈ ഇന്ത്യന്‍സിനെതിരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ തോല്‍വി ഞെട്ടിക്കുന്നതായിരുന്നു. മത്സരശേഷം നേഗിയെ 19ാം ഓവര്‍ ഏല്‍പ്പിച്ച ബാംഗ്ലൂരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. ഡെത്ത് ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ ഒരു ബാറ്റ്സ്മാന്റെ മുന്നിലേക്ക് പന്തുമായി ഒരു സ്പിന്നറെ എന്തിന് പറഞ്ഞയച്ചു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
എന്നാല്‍ ഈ തീരുമാനത്തിന് പിന്നില്‍ ക്യാപ്റ്റന്‍ വിരാട് കോലി ആയിരുന്നില്ല. ബൗളിങ് കോച്ച് ആശിഷ് നെഹ്റയുടെ തീരുമാനമായിരുന്നു. ഡഗ് ഔട്ടില്‍ നിന്ന് നേഗിക്ക് ഓവര്‍ നല്കാന് നെഹ്റ നിര്‍ദേശം നല്‍കുകയായിരുന്നു. കോലി അത് അനുസരിക്കുകയും ചെയ്തു. പക്ഷേ ആ തീരുമാനം വന്‍ അബദ്ധമായിപ്പോയി.
അവസാന രണ്ട് ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 22 റണ്‍സായിരുന്നു. പക്ഷേ 19ാം ഓവറില്‍ തന്നെ മുംബൈ വിജയതീരത്തെത്തി. സ്പിന്നര്‍ പവന് നേഗിയെ പന്തേല്‍പ്പിച്ചതാണ് ബാംഗ്ലൂരിന് വിനയായത്. ക്രീസിലുണ്ടായിരുന്ന ഹാര്‍ദിക് പാണ്ഡ്യ നേഗിയുടെ ഓവറില്‍ രണ്ട് വീതം സിക്സും ഫോറും അടിച്ചു. ആ ഓവറിലെ അവസാന പന്തില്‍ ഒരു സിംഗിളുമെടുത്ത് മുംബൈയെ വിജയതീരത്തെത്തിച്ചു.