ലഖ്‌നൗവില്‍ രാജ്‌നാഥ് സിങ്ങിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല; കോണ്‍ഗ്രസ് ഇറക്കുന്നത് ആധ്യാത്മിക ഗുരുവിനെ; മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി ശത്രുഘനന്‍സിന്‍ഹയുടെ ഭാര്യയും

single-img
17 April 2019

ലഖ്‌നൗ മണ്ഡലത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്‌നാഥ് സിങ്ങിന് ഇത്തവണ പോരാട്ടം കടുക്കും. ആധ്യാത്മിക ഗുരു ആചാര്യ പ്രമോദ് കൃഷ്ണത്തെയാണ് കോണ്‍ഗ്രസ് രാജ്‌നാഥ് സിങ്ങിന് എതിരെ മത്സരിപ്പിക്കുക. സംഭലില്‍ ആശ്രമം നടത്തുന്ന പ്രമോദ് കൃഷ്ണം, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. അന്ന് അദ്ദേഹം അഞ്ചാം സ്ഥാനത്താണ് എത്തിയത്.

പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി നടനും നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ മത്സരിക്കും. കഴിഞ്ഞ ദിവസമാണ് പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രവിദാസ് മെഹ്‌റോത്രയാണ് പൂനം സിന്‍ഹയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പായാണ് ലഖ്‌നൗവില്‍ കോണ്‍ഗ്രസും മഹാസഖ്യവും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 1991 മുതല്‍ ബിജെപി വിജയിക്കുന്ന മണ്ഡലമാണ് ലഖ്‌നൗ. 2009 വരെ വാജ്‌പേയിയാണ് മണ്ഡലത്തില്‍നിന്ന് വിജയിച്ചത്.