ചാലക്കുടിയില്‍ പോരാട്ടം ‘മുറുക്കി’ എഎന്‍ആര്‍

single-img
17 April 2019

കാലങ്ങള്‍ക്കു മുമ്പുതൊട്ടേ രാഷ്ട്രീയ പ്രബുദ്ധതയുള്ള നാടായിരുന്നു ചാലക്കുടി. 1929 ല്‍ മഹാത്മാഗാന്ധി ചാലക്കുടി സന്ദര്‍ശിച്ച് ഹരിജനോദ്ധാരണ പ്രബോധനം പോലും നടത്തിയിട്ടുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു. രാഷ്ട്രീയത്തിന് അത്രമേല്‍ പ്രാധാന്യമുണ്ട് ചാലക്കുടിയില്‍. എന്തായാലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി കച്ച മുറുക്കി തയാറെടുത്തിരിക്കുകയാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ മൂന്ന് മുന്നണികളും. ശക്തമായ പോരാട്ടത്തിനു തന്നെയാണ് ഇത്തവണ ചാലക്കുടി ലോക്‌സഭാ മണ്ഡലം വേദിയാകുന്നത്.

2008 ല്‍ നടന്ന മണ്ഡല പുനക്രമീകരണത്തിലൂടെയാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്റെ പിറവി. തൃശൂര്‍ ജില്ലയിലെയും എറണാകുളം ജില്ലയിലെയും വിവിധ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം.

2009 ലും 2014 ലും നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രമാണ് ചാലക്കുടി മണ്ഡലത്തിനുള്ളത്. 2009 ല്‍ നടന്ന ഇലക്ഷനില്‍ കെ പി ധനപാലനിലൂടെ യുഡിഎഫാണ് വിജയം നേടിയത്. എന്നാല്‍ 2014 ല്‍ സിനിമാ താരം ഇന്നസെന്റിലൂടെ ഇടത്തുപക്ഷം അട്ടിമറി വിജയം നേടി. ആ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റ് 3,58,440 വോട്ടുകള്‍ നേടി. അതായത് മണ്ഡലത്തിലെ ആകെ വോട്ടിന്റെ 40.55 ശതമാനം. യുഡിഎഫിന്റെ പി സി ചാക്കോ 2014 ലെ തെരഞ്ഞെടുപ്പില്‍ 3,44,556 വോട്ടുകളാണ് നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ 82,848 വോട്ടുകളും നേടി. 13,884 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയം.

2014ലെ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ 4.78 ശതമാനം കൂടുതല്‍ വോട്ട് നേടി മിന്നും പ്രകടനമായിരുന്നു ബിജെപിയുടേത്. കടുത്ത ത്രികോണ മത്സരത്തില്‍ 2009നേക്കാള്‍ കൂടുതല്‍ വോട്ടുകളോടെ ശ്രദ്ധേയ നേട്ടം കൈവരിക്കാനും കരുത്ത് തെളിയിക്കാനും ബിജെപിക്ക് സാധിച്ചു. അതിനാല്‍ ഇത്തവണ ചാലക്കുടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി 54കാരനായ എ.എന്‍.രാധാകൃഷ്ണനെ ബിജെപി തെരഞ്ഞെടുപ്പ് ഗോദായിലിറക്കുന്നത് ഏറെ ആത്മവിശ്വാസത്തോടെയാണ്

രാഷ്ട്രീയം

പതിനാലാം വയസില്‍ അടിയന്തരാവസ്ഥക്കെതിരെ ലോക് സംഘര്‍ഷസമിതിയുടെയും, ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് പോലീസ് മര്‍ദ്ദനത്തിന് ഇരയായി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സത്യാഗ്രഹിയായി മാറിയ രാധാകൃഷ്ണന്‍ അതോടെ പഠനത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി. ബിരുദം പൂര്‍ത്തിയാക്കി.

രാഷ്ട്രീയ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള ജനകീയ നേതാവാണ് എഎന്‍ആര്‍. ബിജെപിയുടെ സമരമുഖങ്ങളില്‍ എല്ലായ്‌പോഴും ശ്രദ്ധേയ സാന്നിധ്യം. ശബരിമലയെ തകര്‍ക്കുന്നതിനെതിരെ ബിജെപി സംഘടിപ്പിച്ച എറണാകുളം മേഖലാ പരിവര്‍ത്തന യാത്ര നയിച്ചത് എ.എന്‍.രാധാകൃഷ്ണനായിരുന്നു.

ആചാര സംരക്ഷണത്തിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തിയ നിരാഹാര സമരത്തിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. തുടര്‍ച്ചയായി 10 ദിവസത്തോളം നിരാഹാരമനുഷ്ഠിച്ച എഎന്‍ആറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2019ലെ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ഭാരത് കാ മന്‍കീ ബാത്ത് കാമ്പയിനില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമായി കൊച്ചിയിലെ പൗരപ്രമുഖരെ സന്ദര്‍ശിച്ച് എഎന്‍ആറിന്റെ നേതൃത്വത്തില്‍ സംവാദം നടത്തി.

ചുമതലകള്‍

ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു. 1986ല്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സുവര്‍ണ ജൂബിലി സംസ്ഥാന വിളംബര ജാഥാ ക്യാപ്റ്റനായി. എല്‍.കെ. അദ്വാനിയുടെ കേരളത്തിലെ യാത്രകളുടെ പ്രധാന സംഘാടകരില്‍ ഒരാളായി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ്, എറണാകുളം മേഖലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ കൗണ്‍സില്‍ മെംബര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചു.

മത്സരം

1996ല്‍ തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലത്തിലും 2009 ലും 2014 ലും എറണാകുളം ലോക്‌സഭാ മണ്ഡലത്തിലും 2016ല്‍ മണലൂര്‍ അസംബ്ലി മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈപ്പമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി.