കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ട വികസനമല്ല അക്രമം; കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ അക്രമവുമുണ്ട്: നിര്‍മ്മല സീതാരാമന്‍

single-img
16 April 2019

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ അക്രമവുമുണ്ടെന്ന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. കൂടാതെ,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ട വികസനമല്ല അക്രമമാണെന്നും പ്രതിരോധ മന്ത്രി ഇന്ന് കണ്ണൂരിൽ പറഞ്ഞു. എന്‍ ഡി എയുടെ കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരാണാർഥമുള്ള വിജയ സങ്കൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിർമ്മലാ സീതാരാമൻ.

മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്നാണ് മന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് കണ്ണൂരിലെത്തിയത്. തന്‍റെ പ്രസംഗത്തിലുടനീളം സിപിഎമ്മിന്റെ ഇരട്ടത്താപ്പും കപടതയും പ്രതിരോധമന്ത്രി തുറന്ന് കാട്ടി. പുറമേ ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന കപടതയാണ് സി.പി.എമ്മിനുള്ളതെന്നും അവര്‍ പറഞ്ഞു.

ഇവിടെ നിരവധി പ്രവർത്തകർക്ക് ബലിദാനം ചെയ്യേണ്ടി വന്നത് വ്യത്യസ്ഥമായ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചു എന്നതുകൊണ്ടാണെന്ന് കെ ടി ജയകൃഷ്ണൻ മാസ്റ്ററെ സ്മരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു.
അതേസമയം, കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയുടെ കുടുംബാംഗങ്ങൾ എൻഡിഎക്ക് പിൻതുണയർപ്പിച്ച് നിർമ്മലാ സീതാരാമനോടൊപ്പം വേദിയിലെത്തിയത് പരിപാടിയുടെ പ്രത്യേകതയായി.