കൊളുത്തില്‍ കൃതൃമത്വം കാണിച്ചോയെന്ന് സംശയം; ത്രാസ് പൊട്ടി വീണ് പരിക്കേറ്റ സംഭവത്തില്‍ ശശി തരൂര്‍ പരാതി നല്‍കും

single-img
16 April 2019

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയില്‍ വീണിട്ടും ഒപ്ടിക് ഞരമ്പുകള്‍ക്കും തലച്ചോറിനും അപകടമുണ്ടാകാത്തത് വിഷു ദിനത്തിലെ യഥാര്‍ഥ അത്ഭുതമെന്നും ഗാന്ധാരിയമ്മന്‍ ദേവിക്ക് നന്ദി പറയുന്നുവെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

അതേസമയം, സംഭവത്തില്‍ ശശി തരൂര്‍ പരാതി നല്‍കും. തുലാഭാരം സ്ഥാനാര്‍ത്ഥി എത്തുന്നതിന് മുന്‍പേ തൂക്കിയിരുന്നുവെന്നും കൊളുത്തില്‍ കൃതൃമത്വം കാണിച്ചോയെന്ന് സംശയമുണ്ടെന്നും ശശി തരൂര്‍ ആരോപിച്ചു. പ്രവര്‍ത്തകരെ കൂടാതെ അപരിചിതരും സംഭവം നടക്കുന്ന സമയത്ത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതായി ശശി തരൂര്‍ പറയുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസി ഇന്നലെ പരാതി നല്‍കിയിരുന്നു.

വിഷുദിനത്തില്‍ രാവിലെ പതിനൊന്നിന് ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണാണ് ശശി തരൂരിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റത്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

തലവേദനയുള്ളതിനാലും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് പതിവായി കഴിക്കുന്നതിനാലും അദ്ദേഹം ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം.എസ്.ഷര്‍മ്മദ് അറിയിച്ചു. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായാല്‍ ഇന്ന് വൈകുന്നേരം മുതല്‍ അദ്ദേഹം സജീവ പ്രചാരണത്തിലേക്ക് മടങ്ങിയെത്തും.