ആശുപത്രിയില്‍ കഴിയുന്ന ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു

single-img
16 April 2019

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. തലക്ക് പരിക്കേറ്റ ശശിതരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തെരെഞ്ഞെടുപ്പ് തിരിക്കിനിടയിലും തന്നെ സന്ദര്‍ശിച്ചതില്‍ തരൂര്‍ സന്തോഷം പങ്കുവച്ചു. ട്വിറ്റലാണ് നിര്‍മ്മല സീതാരാമന് നന്ദി അറിയിച്ചത്. നിര്‍മ്മല സീതാരാമന്‍ കാണിച്ച മര്യാദ രാഷ്ട്രീയക്കാരില്‍ അപൂര്‍വ്വമാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

തിങ്കളാഴ്ച രാവിലെയോടെയാണ് തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ വച്ച് ശശി തരൂരിന് അപകടം സംഭവിച്ചത്. തുലാഭാരത്തിന് ശേഷം ദീപാരാധനക്കായി ത്രാസില്‍ തന്നെ ഇരിക്കവെ ത്രാസിന്റെ ദണ്ഡ് തലയില്‍ വീണാണ് തരൂരിന് പരിക്കേറ്റത്.

തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐ.സിയുവില്‍ നിരീക്ഷണത്തിലാണ്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കല്‍കോളേജ് സൂപ്രണ്ട് അറിയിച്ചു. പരിക്കേറ്റതിന് പിന്നാലെ തരൂരിന്റെ ഇന്നലത്തെ പര്യടന പരിപാടികള്‍ റദ്ദാക്കിയിരുന്നു.