സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത് അത്ഭുതം: സുഷമ സ്വരാജ്

single-img
16 April 2019

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കേരളത്തില്‍ വന്ന് ശബരിമലയുടെ പേര് പറയാതെ പോകാനാകില്ല. പ്രചാരണത്തിന് അയ്യപ്പന്റെ പേര് പറഞ്ഞതിന് തൃശൂര്‍ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത് അത്ഭുതമെന്ന് സുഷമ പ്രതികരിച്ചു.

പ്രചാരണത്തില്‍ ഇഷ്ടദൈവത്തിന്റെ പേര് പറയാനാകില്ലേ എന്ന് ചോദിച്ച സുഷമ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയെ വിമര്‍ശിച്ചു. ഇത് എന്ത് പെരുമാറ്റച്ചട്ടമാണെന്നും സുഷമ സ്വരാജ് ചോദിക്കുന്നു.

തൃശൂരിലെ എന്‍ഡിഎ കണ്‍വെന്‍ഷനിടെ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണിലുടക്കിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി.അനുപമ, സുരേഷ് ഗോപിയോട് വിശദീകരണം തേടിയിരുന്നു.

അതേസമയം ശബരിമലയെന്ന വാക്ക് ഉപയോഗിക്കാതെ വിഷയം പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലി എല്ലാവരും മാതൃകയാക്കണമെന്ന് ടിക്കാറാം മീണ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മതപരമായ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നതിന് ലക്ഷ്മണരേഖയുണ്ട്. അത് ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് ടീക്കാറാം മീണ മുന്നറിയിപ്പ് നല്‍കി.