വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുകതന്നെ വേണമെന്ന് രാഹുല്‍ ഗാന്ധി; ‘അമിത് ഷാ പറയും പോലല്ല, സഹിഷ്ണുതയും ആത്മവിശ്വാസവും ഉള്ളവരാണ് കേരള ജനത’

single-img
16 April 2019

എല്ലാവരുടേയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിശ്വാസമായാലും ആചാരമായാലും അത് പ്രകടിപ്പിക്കണം. എന്നാല്‍ അക്രമത്തിലേക്ക് പോകരുതെന്ന് രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകള്‍ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകടപ്പിക്കുന്നതിലോ നടത്തുന്നതിലോ കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും തടസ്സം നില്‍ക്കില്ല. കേരളത്തിലെ ജനങ്ങളുടെ യുക്തിക്ക് ഞാന്‍ ആ വിഷയം വിട്ട് കൊടുക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ശബരിമലയുടെ പേര് പറയാതെയായിരുന്നു രാഹുലിന്റെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന പ്രസ്താവന.

അതേസമയം, ഏറ്റവും ഹൃദയവിശാലതയുള്ളവരും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനതയെന്ന് രാഹുല്‍ ഗാന്ധി പത്തനാപുരത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ പറഞ്ഞു. തുല്യമായ ഒരു ബന്ധത്തിന്റെ ഉദാഹരമാണ് കേരളം ലോകത്തോട് പറയുന്നത്. ഇത് മറ്റു രാജ്യങ്ങള്‍ക്കും നാട്ടുകാര്‍ക്കും മാതൃകയാണെന്നും രാഹുല്‍ പറഞ്ഞു.

ഭാരതമെന്ന് പറയുന്നത് നിരവധി ആശയങ്ങളാണ്. ബിജെപിയും ആര്‍എസ്എസും ഇന്ന് അവരുടേതല്ലാത്ത എല്ലാ ശബ്ദങ്ങളേയും അടിച്ചമര്‍ത്തുന്നു. ഒരു വ്യക്തിയും ഒരു ആശയവുമാണ് ഈ രാജ്യം ഭരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. ഞങ്ങളുടെ ആശയങ്ങളോട് യോജിക്കുന്നില്ലെങ്കില്‍ നിങ്ങളെ തകര്‍ത്തുകളയുമെന്നാണ് ബിജെപി പറയുന്നത്.

അത് കൊണ്ടാണ് കോണ്‍ഗ്രസിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഞങ്ങള്‍ പറയുന്നത് നിങ്ങളെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്ന് മാത്രമാണ്. നിങ്ങളെ അക്രമിക്കില്ല. സ്‌നേഹത്തിന്റെയും അഹിംസയുടേയും ഭാഷയില്‍ നിങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തും.

ഏതെങ്കിലും ഒരു പ്രത്യേക ആശയത്തേക്കാളും ഞങ്ങള്‍ക്ക് വലുത് ഇവിടെയുള്ള ഓരോ വ്യക്തിയുടേയും ആശയങ്ങളും സൗന്ദര്യവും ഉള്‍ക്കൊള്ളുക എന്നതാണ്. ഇത് എന്റെ രാജ്യമാണെന്ന് ഇവിടെയുള്ള ഓരോ വ്യക്തിക്കും തോന്നണം. അതിന് ഭാഷയും മതവും സംസ്‌കാരവും തടസ്സമാകരുത്. കേരളത്തില്‍ നിന്ന് ഞാന്‍ മത്സരിക്കുന്നത് അതിനോടൊപ്പം നില്‍ക്കുന്നതിനാലാണ്- രാഹുല്‍ പറഞ്ഞു.