കേരളം രാജ്യത്തിന് മാതൃക; കേരളത്തില്‍ നിന്നുള്ള മത്സരം രാജ്യത്തിനുള്ള സന്ദേശം; ബി.ജെ.പിയുടെ ആക്രമണത്തിന് സ്‌നേഹത്തിന്റെ ഭാഷയില്‍ മറുപടി നല്‍കുമെന്ന് രാഹുല്‍

single-img
16 April 2019

സംഘപരിവാര്‍ നയങ്ങള്‍ക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയും ആര്‍എസ്എസും അവരുടേതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ആശയങ്ങളോട് യോജിക്കാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാര്‍ നയം. കോണ്‍ഗ്രസ് എന്ന ആശയത്തെ തന്നെ തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷെ ഞങ്ങള്‍ നിങ്ങളോട് പോരാടും നിങ്ങളെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കും അങ്ങനെ നിങ്ങള്‍ തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.

അതേസമയം ആര്‍എസ്എസ് സംഘപരിവാര്‍ നയങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നത് അക്രമം ഉണ്ടാക്കിയാകില്ലെന്നും രാഹുല്‍ ഗാന്ധി പത്തനാപുരത്തെ പൊതുയോഗത്തില്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളെ പറ്റിയാണ് ആര്‍.എസ്.എസും മോദിയും പറഞ്ഞു കൊണ്ടിരിക്കുന്നത്. മോദിയും കൂട്ടരും നുണ പറയുകയാണ്. രണ്ട് കോടി തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞു, അക്കൗണ്ടുകളില്‍ 15 ലക്ഷം കൊണ്ടുവരുമെന്ന് പറഞ്ഞു. എന്നിട്ട് എന്തെങ്കിലും കൊണ്ടുവന്നോ? 15 ലക്ഷം അക്കൗണ്ടില്‍ കൊടുക്കാന്‍ ഒരിക്കലും കഴിയില്ല.

കാരണം അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകരുമെന്നും രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്ത മോദി, അനില്‍ അംബാനിക്ക് കോടികള്‍ ലാഭമുണ്ടാക്കുന്നു. മൂന്ന് ലക്ഷത്തി അന്‍പതിനായിരം കോടി രൂപയാണ് ഈ രാജ്യത്തെ 15 അതിസമ്പന്നരുടെ കയ്യിലെത്തിയതെന്നും രാഹുല്‍ പറഞ്ഞു.