‘നിങ്ങള്‍ തിരയുന്ന വീഡിയോ ലഭ്യമല്ല’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പിഎം മോദിയുടെ ട്രെയിലര്‍ യൂട്യൂബില്‍ കാണാനില്ല

single-img
16 April 2019

മുംബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള പിഎം മോദി എന്ന സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ട്രെയിലര്‍ വളരെ പെട്ടെന്നാണ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത് എന്നത് ശ്രദ്ധേയമാണ്.

യൂ ട്യൂബില്‍ ഇപ്പോള്‍ ട്രെയിലര്‍ തിരയുന്നവര്‍ക്ക് വീഡിയോ ലഭ്യമല്ല എന്നാണ് റിസള്‍ട്ട് ലഭിക്കുന്നത്. പുറത്തുവന്ന്ഇതിനോടകം തന്നെ നിരവധി ആളുകളാണ് ട്രെയിലര്‍ കണ്ടത്. സിനിമയുടെ പ്രദര്‍ശനം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയില്‍ സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന്കമ്മീഷനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിനിമയുടെ നിർമാതാക്കളാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെ ആവിഷ്ക്കരിക്കുന്ന ചിത്രം ഗുജറാത്ത്, ഉത്തരാഖണ്ഡ‍്, മുംബൈ എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്.