Movies

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി ഒന്നിക്കുന്നു; കുട്ടിമാമ ഫസ്റ്റ് ലുക് പുറത്ത്

ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വി.എം. വിനു സംവിധാനം ചെയ്യുന്ന ചിത്രം കുട്ടിമാമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്ത് വന്നു. ദിലീപിന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണിത്.

മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം.

ഒരു ഫാമിലി എന്റെര്‍റ്റൈനര്‍ ആണ് കുട്ടിമാമ. ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.

മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം. വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു.

ഒരു പിടി മികച്ച എന്റെര്‍റ്റൈനെറുകള്‍ മലയാളത്തിന് സമ്മാനിച്ച വി എം വിനു ഗോകുലം മൂവീസുമായി ഒന്നിക്കുകയാണ്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തിയ മകന്റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും വി.എം. വിനുവായിരുന്നു. ഇപ്പോള്‍ ഈ അച്ഛനും മകനും നായകന്മാരായി എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ചിത്രം മെയ് രണ്ടാം വാരം പ്രദര്‍ശനത്തിനെത്തും. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് വിതരണം.