ബെന്നി ബെഹനാനെതിരെ കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ പ്രതിഷേധ മാർച്ച്;പ്രതിഷേധം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിൽ എ എൻ രാധാകൃഷ്ണൻ

single-img
16 April 2019

ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തമാക്കി കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്‍റി 20. ബെന്നി ബെഹ്നാനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി കൂട്ടായ്മ കിഴക്കമ്പലത്ത് പ്രതിഷേധ പ്രകടനം നടത്തി.

തെരഞ്ഞെടുപ്പ് വേദികളിലടക്കം തങ്ങളെ ആക്ഷേപിക്കുന്നെന്ന് ആരോപിച്ചാണ് ബെന്നി ബെഹനാനെതിരെ ട്വന്‍റി 20 പരസ്യ നിലപാടെടുത്തത്. ക്രിക്കറ്റിലെ ട്വന്‍റി 20 മാത്രമേ അറിയാവുവെന്ന ബെന്നി ബെഹനാന്റെ പരാമർശമാണ് പ്രതിഷേധം ശക്തമാക്കാൻ കാരണം. ബെന്നി ബെഹനാനെതിരെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി കിഴക്കമ്പലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.

അതേസമയം എതിർ സ്ഥാനാർത്ഥികളെ പരസ്യമായി പിന്തുണക്കില്ലെന്നാണ് ട്വന്റി 20യുടെ നിലപാട്. ബെന്നി ബെഹനാന്റെ അധിക്ഷേപത്തിനെതിരെ വോട്ടിലൂടെ മറുപടി നൽകാനാണ് തീരുമാനം. ട്വന്‍റി 20യുടെ പ്രതിഷേധം തന്നെ ബാധിക്കില്ലെന്നാണ് ബെന്നി ബെഹനാന്റെ പ്രതികരണം. തന്നോടുള്ള വിദ്വേഷത്തിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ട്വന്റി20യുടെ നിലപാടു എഎന്‍ രാധാകൃഷ്ണന് നേട്ടമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്. കാരണം മറ്റൊരു എതിർ സ്ഥാനാർഥിയായ ഇന്നസെൻറ് നോട് ട്വൻറി20 കൂട്ടായ്മ അത്ര രസത്തിലല്ല. ഇതോടെ വോട്ടുകൾ രാധാകൃഷ്ണന് മറിയും എന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

അതേസമയം രാവിലെ കൊടകര പഞ്ചായത്തിലെ വട്ടേക്കാട് നിന്നാണ് എ.എന്‍. രാധാകൃഷ്ണന്റെ ചാലക്കുടി മണ്ഡല പര്യടനം ആരംഭിച്ചത്. സ്ത്രീകളും പ്രവര്‍ത്തകരും ഹാരങ്ങളും പുഷ്പങ്ങളും പച്ചക്കറികളും നല്‍കിയാണ് സ്വീകരിച്ചത്. വ്യത്യസ്ഥ തരത്തിലുള്ള സമ്മാനങ്ങളും പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് നല്‍കി. അറുപതോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പര്യടനം കൊരട്ടി പഞ്ചായത്തിലെ ചെറ്റാരിക്കലില്‍ സമാപിച്ചു.