അത് അഭിനന്ദന്‍ വര്‍ധമാന്‍ അല്ല; സംഘപരിവാറിന്റെ പുതിയ വ്യാജപ്രചരണവും പൊളിഞ്ഞു

single-img
16 April 2019

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്‌തെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. വര്‍ധമാന്റെ മുഖച്ഛായയുള്ള ചിത്രത്തിനൊപ്പമാണ് പ്രചാരണം. ചിത്രത്തില്‍ അഭിനന്ദനോട് സാദൃശ്യം തോന്നുന്നയാള്‍ ബിജെപി ചിഹ്നമുള്ള കാവി നിറമുള്ള ഷാളണിഞ്ഞ് നില്‍ക്കുന്നത് കാണാം.

ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെ: ”ബിജെപിക്ക് പിന്തുണയുമായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ജി. മോദിജിയെ പ്രധാനമന്ത്രിയാക്കണമെന്ന്് അദ്ദേഹം ആവശ്യപ്പെടുന്നു. മോദിയെക്കോള്‍ മികച്ച പ്രധാനമന്ത്രിമാര്‍ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുകാരിലേക്കും ജിഹാദികളിലേക്കും ഈ പോസ്റ്റ് എത്തിക്കൂ. ജീവനോടെ തിരിച്ചെത്തിയ അഭിനന്ദന്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് അറിയിക്കൂ.”

ബിജെപി അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും ചിത്രവും പോസ്റ്റും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ ചിത്രവും പോസ്റ്റും വ്യാജമാണ്. അഭിനന്ദന്‍ വര്‍ധമാന്‍ ഇത്തരം രാഷ്ട്രീയപ്രചാരണങ്ങളില്‍ പങ്കെടുക്കുന്നില്ല. വ്യോമസേന നിയമപ്രകാരം ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല. അഭിനന്ദന്റേതിന് സമാനമായ മീശയാണ് ചിത്രത്തില്‍ കാണുന്നയാള്‍ക്കുള്ളത്. ഈ സാമ്യവും മുഖച്ഛായയും മുതലെടുത്താണ് വ്യാജ പ്രചാരണം.