യെഡിയൂരപ്പ 1,800 കോടി കോഴ നൽകി; യഥാർഥ ഡയറി പുറത്തുവിട്ട് കോൺഗ്രസ്

single-img
15 April 2019

കർണാടക മുഖ്യമന്ത്രിയായിരിക്കെ ബി.എസ്. യെഡിയൂരപ്പ ബിജെപി കേന്ദ്രനേതാക്കൾക്ക് ഉൾപ്പെടെ 1800 കോടി രൂപ നൽകിയതു രേഖപ്പെടുത്തിയ ഡയറിയുടെ ഒറിജിനൽ കോൺഗ്രസ് പുറത്തുവിട്ടു. മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ വാർത്താസമ്മേളനം വിളിച്ചാണു രേഖകൾ പുറത്തുവിട്ടത്. ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.

ബിജെപി നേതാക്കൾക്കു കോഴ നൽകിയെന്നാണു ഡൽഹിയിലെ കുറിപ്പ്. നിതിൻ ഗഡ്കരി, അരുൺ ജയ്റ്റ്ലി – 150 കോടി, രാജ്നാഥ് സിങ് – 100 കോടി, ബിജെപി കേന്ദ്രകമ്മിറ്റി – 1000 കോടി, ജഡ്ജിമാർ – 500 കോടി എന്നിങ്ങനെയാണു പുറത്തുവിട്ട രേഖയിൽ പറയുന്നത്.

മാർച്ച് അഞ്ചിന് ഇതേ ഡയറിയുടെ പകർപ്പ് വാർത്താ സമ്മേളത്തിലൂടെ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. വലിയ വിവാദങ്ങൾക്കായിരുന്നു ഇത് വഴിവെച്ചത്. 2008ൽ മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് 1800 കോടി രൂപ ബി ജെ പി ദേശീയനേതൃത്വത്തിന് നൽകിയെന്നാണ് ഡയറി തെളിവായി ഉദ്ധരിച്ച് കോൺഗ്രസ് ആരോപിക്കുന്നത്.

നിതിൻ ഗഡ്കരിക്കും അരുൺ ജെയ്റ്റ്ലിക്കും 150 കോടിരൂപ വീതവും രാജ്നാഥ് സിങ്ങിന് 100 കോടിയും മുരളീ മനോഹർ ജോഷി, അദ്വാനി എന്നിവർക്ക് അമ്പതു കോടിരൂപ വീതവും നൽകിയെന്നാണ് ഡയറിയിൽ പറയുന്നത്. ജഡ്ജിമാർക്ക് 250 കോടിരൂപ നൽകിയെന്നും ഡയറി തെളിവായി കാണിച്ച് കോൺഗ്രസ് ആരോപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഷയത്തിൽ ഇടപെടണമെന്നും കപിൽ ആവശ്യപ്പെട്ടു.