യു.എ.ഇയിൽ അതീവ ജാഗ്രതാ നിർദേശം

single-img
15 April 2019

യു.എ.ഇയിലെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദേശം. ദുബായിൽ മാത്രം ഒരുദിവസത്തെ മഴക്കിടെ ഇരുന്നൂറിലധികം വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. റാസൽ ഖൈമയിൽ കുടുങ്ങിയ നാന്നൂറോളം പേരെ പൊലീസ് രക്ഷപെടുത്തി.  

ഇന്നലെയും ഇന്നുമായി തുടരുന്ന ശക്തമായ മഴയിൽ ദുബായിൽ 203 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് അറിയിച്ചു. മുനിസിപ്പാലിറ്റി, പൊലീസ്, സിവിൽ ഡിഫൻസ് സംഘങ്ങൾ റോഡിലെ വെള്ളക്കെട്ടുകൾ നീക്കുന്നതു തുടരുകയാണ്.

റാസൽഖൈമയിൽ ജെബൽ ജൈസ്, യനാസ് മലനിരകൾ, അബുദാബിയിൽ ഷംഹ, അൽ ദഫ്‌റ, അൽ വത്ബ, മദിനത് സായിദ്, ദുബായിൽ മാർഗ്ഹാം,  അൽ ഐനിൽ അൽ ഫഖ, ഷാർജയിൽ മനാമ, ദൈദ്, ഫുജൈറയിൽ മസാഫി, അൽ തവിൻ, ഉം അൽ ഖുവൈനിൽ ഫലജ് അൽ മുഅല്ല എന്നിവിടങ്ങളിൽ കനത്ത മഴപെയ്തു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലനിരകൾ, കടൽത്തീരം തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് പൊലീസ് നിർദേശം. വാഹനമോടിക്കുന്നവർ കൃത്യമായ അകലം പാലിക്കുകയും ജാഗ്രത കാട്ടുകയും വേണമെന്നും പൊലീസ് അറിയിക്കുന്നു.