സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ മൂന്ന് മലയാളികള്‍ക്ക് തടവും പിഴയും

single-img
15 April 2019

സൗദിയിൽ ബിനാമി ബിസിനസ്  നടത്തിയ മൂന്നു മലയാളികൾക്ക് തടവും പിഴയും. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്താനും സൗദിയിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്താനും ക്രിമിനല്‍ കോടതി വിധിച്ചു.

സൗദിയുടെ വടക്കു പടിഞ്ഞാറൻ നഗരമായ സകാക്കയിൽ ഭക്ഷ്യവസ്തുക്കളുടെ മൊത്ത – ചില്ലറ വ്യാപാര മേഘലയിൽ ബിനാമി ബിസിനസ്സ് നടത്തിയ മൂന്ന് മലയാളികളെയാണ് സകാക്ക ക്രിമിനൽ കോടതി ശിക്ഷിച്ചത്. ഒരു മലയാളിക്ക് ആറു മാസവും മറ്റു രണ്ടു പേർക്ക് നാലുമാസം വീതവുമാണ് തടവ് വിധിച്ചത്. കൂടാതെ നിയമ ലംഘകർക്ക് കോടതി മൂന്ന് ലക്ഷം റിയാൽ പിഴയും ചുമത്തി.


ഇവരുടെ സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസും കൊമേർഷ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു. ശിക്ഷാ കാലാവധി കാലാവധി കഴിഞ്ഞാൽ മലയാളികളെ നാടുകടത്തും. സൗദിയിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ഇവര്‍ക്ക് ഏർപ്പെടുത്തി.

നിയമ ലംഘകരുടെ പേരുവിവരങ്ങളും അവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചിലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. ബിനാമി ബിസിനസ് നടത്താൻ ഒത്താശ ചെയ്തു കൊടുത്ത സ്വദേശിക്കു ഇതേ മേഖലയിൽ ഇനി പുതിയ സ്ഥാപനം ആരംഭിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി.