റഫാൽ കേസിൽ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

single-img
15 April 2019

റഫാലിലെ വിവാദ പരാമര്‍ശത്തില്‍ കോണ്‍‌ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ നോട്ടീസ്. ഏപ്രില്‍ 22നകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ പരാതിയിലാണ് നടപടി. ചൌക്കിദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശം തങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലില്ലെന്ന് കോടതി വ്യക്തമാക്കി.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തി ഫ്രഞ്ച് കമ്പനി ഡെസാള്‍ട്ട് ഏവിയേഷന് കാരാറില്‍ ഇളവ് നല്‍കിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം.

ചൗക്കിദാര്‍ ചോര്‍ഹെ എന്ന് സുപ്രിം കോടതി പറഞ്ഞതായിരുന്നു രാഹുലിന്‍റെ പ്രതികരണം. ഉത്തരവിലില്ലാത്ത കാര്യം കോടതി പരാമാര്‍മെന്ന രീതിയില്‍ പറഞ്ഞതിലൂടെ രാഹുല്‍ ഗാന്ധി നടത്തിയത് കോടതിയലക്ഷ്യമാണ് എന്ന് മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി വാദിച്ചു.

തങ്ങളുടെ ഉത്തരവില്‍ ചൌക്കിദാര്‍ ചോര്‍ഹെ എന്ന പരാമര്‍ശം ഇല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചില രേഖകള്‍ പരിശോധിക്കാന്‍ തീരുമാനിക്കുക മാത്രമാണ് ചെയ്തതെന്നും, കേസിന്‍റെ മെറിറ്റുമായി ബന്ധപ്പെട്ട ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയോട് ഈ മാസം 22നകം വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.