ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നു: മൂന്നു റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ വിമാനം സജ്ജം

single-img
15 April 2019

യുഎസിലെ കലിഫോർണിയയിലുള്ള മൊഹാവി മരുഭൂമിക്കുമീതേ സ്വർണനിറത്തിൽ ഒഴുകിയിറങ്ങിയ പുലർകാല സൂര്യവെളിച്ചത്തിൽ,  ആജാനബാഹുവായ ‘റോക്കി’ന്റെ പരീക്ഷണപ്പറക്കൽ വിജയം. പ്രാദേശിക സമയം രാവിലെ ഏഴോടെ പറന്നു പൊങ്ങി, മണിക്കൂറിൽ 304 കിലോമീറ്റർ വേഗം നേടി, 17000 അടി ഉയരത്തിൽ പറന്നാണു സ്ട്രാറ്റോലോഞ്ചിന്റെ പടുകൂറ്റൻ വിമാനം ചരിത്രം കുറിച്ചത്.

രണ്ടര മണിക്കൂർ പറന്ന ശേഷം മൊഹാവി  എയർ ആൻഡ് സ്പേസ് പോർട്ടിൽ സുരക്ഷിതമായി നിലം തൊട്ടു. റോക്കറ്റുകൾക്കുള്ള ‘പറക്കുന്ന വിക്ഷേപണത്തറ’യായി രൂപകൽപന ചെയ്ത വിമാനം അടുത്തവർഷം റോക്കറ്റ് വിക്ഷേപണം നടത്തുമെന്നാണു സ്ട്രാറ്റോലോഞ്ചിന്റെ പ്രഖ്യാപനം.

28 വീലുകൾ, രണ്ട് പുറംചട്ട, ആറ് 747 ജെറ്റ് എൻജിനുകൾ എന്നിവയുള്ള ഈ വിമാനത്തിന്റെ ചിറകുകളുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ അകലമുണ്ട്. കൂടുതൽ പേർക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനും ചരക്ക് ഗതാഗതം വർധിപ്പിക്കുന്നതിനുമായി വലിപ്പമേറിയ വിമാനം എന്ന പോൾ അലന്റെ സ്വപ്നമാണ് ഇപ്പോൾ സാധ്യമായത്. എന്നാൽ വിമാനം പറക്കുന്നത് കാണാൻ ഭാഗ്യമുണ്ടാകാതെ പോൾ അലൻ കഴിഞ്ഞ ഒക്ടോബറിൽ അന്തരിച്ചു.

സ്കെയിൽഡ് കോമ്പസിറ്റ്സ് എന്ന കമ്പനി നിർമിച്ച വിമാനത്തിന് മൂന്ന് റോക്കറ്റുകളെ ഒന്നിച്ച് വഹിക്കാനും വിക്ഷേപിക്കാനും കഴിവുണ്ട്. വ്യോമയുദ്ധത്തിന് പുതിയ മാനങ്ങൾ നൽകാൻ ഇത്തരം വിമാനങ്ങൾ സഹായകമാകും എന്നായിരുന്നു അലന്റെ നിഗമനം. കൂടാതെ ജ്യോതിശാസ്ത്ര പഠനങ്ങളിൽ ഇത്തരം വിമാനങ്ങൾക്കുള്ള സാധ്യതയും പഠനവിധേയമാക്കുന്നുണ്ട്. ബഹിരാകാശ ഗവേഷണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പെന്റഗൺ സ്ട്രാറ്റോലോഞ്ചിൽ താൽപര്യം പ്രകടമാക്കിയിട്ടുണ്ട്.