ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തമാക്കി കിഴക്കമ്പലം ഭരിക്കുന്ന ‘ട്വന്‍റി 20’: നേട്ടം എ എൻ രാധാകൃഷ്ണന് ?

single-img
15 April 2019

ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തമാക്കി കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്‍റി 20.  ബെന്നി ബെഹ്നാനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി കൂട്ടായ്മ കിഴക്കമ്പലത്ത് പ്രതിഷേധ പ്രകടനം നടത്തി.

തെരഞ്ഞെടുപ്പ് വേദികളിലടക്കം  തങ്ങളെ ആക്ഷേപിക്കുന്നെന്ന് ആരോപിച്ചാണ് ബെന്നി ബെഹനാനെതിരെ ട്വന്‍റി 20 പരസ്യ നിലപാടെടുത്തത്. ക്രിക്കറ്റിലെ ട്വന്‍റി 20 മാത്രമേ അറിയാവുവെന്ന ബെന്നി ബെഹനാന്റെ പരാമർശമാണ് പ്രതിഷേധം ശക്തമാക്കാൻ കാരണം. ബെന്നി ബെഹനാനെതിരെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി കിഴക്കമ്പലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.

അതേസമയം എതിർ സ്ഥാനാർത്ഥികളെ പരസ്യമായി പിന്തുണക്കില്ലെന്നാണ് ട്വന്റി 20യുടെ നിലപാട്. ബെന്നി ബെഹനാന്റെ അധിക്ഷേപത്തിനെതിരെ വോട്ടിലൂടെ മറുപടി നൽകാനാണ്  തീരുമാനം. ട്വന്‍റി 20യുടെ പ്രതിഷേധം തന്നെ ബാധിക്കില്ലെന്നാണ് ബെന്നി ബെഹനാന്റെ പ്രതികരണം. തന്നോടുള്ള വിദ്വേഷത്തിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ ചാലക്കുടി  മണ്ഡലത്തിൽ ട്വന്‍റി 20 സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും നീക്കം പാളിയിരുന്നു. ഇതിന് പിന്നാലെയാണ് ബെന്നി ബെഹനാനെതിരെ പരസ്യ നിലപാടുമായി ട്വന്‍റി 20 രംഗത്തെത്തിയത്. അതേ സമയം സ്ഥാനാർത്ഥിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

അതേസമയം ട്വന്റി20യുടെ നിലപാടു എഎന്‍ രാധാകൃഷ്ണന് നേട്ടമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്. കാരണം മറ്റൊരു എതിർ സ്ഥാനാർഥിയായ ഇന്നസെൻറ് നോട് ട്വൻറി20 കൂട്ടായ്മ അത്ര രസത്തിലല്ല. ഇതോടെ വോട്ടുകൾ രാധാകൃഷ്ണന് മറിയും എന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

പ്രചരണ യോഗങ്ങളിലെല്ലാം വീട്ടമ്മമാരും കുട്ടികളും പൂച്ചെണ്ടുകള്‍ നല്‍കിയും ഷാള്‍ അണിയിച്ചുമാണ് എഎന്‍ആറിനെ സ്വീകരിക്കുന്നത്. വയോധികര്‍ കാര്‍ഷികോത്പന്നങ്ങളും പഴവര്‍ഗ്ഗങ്ങളുമായെത്തിയും പാട്ടുകള്‍ പാടിയുമാണ്് എ.എന്‍. രാധാകൃഷ്ണനെ വരവേറ്റത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന വഴിയുടെ ഇരുവശങ്ങളിലും ആശംസയറിയിക്കാന്‍ കടുത്ത ചൂടിനെ അവഗണിച്ച് നിരവധിപേര്‍ നിലയുറപ്പിക്കുന്നു.

2014ലെ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ 4.78 ശതമാനം കൂടുതല്‍ വോട്ട് നേടി മിന്നും പ്രകടനമായിരുന്നു ബിജെപിയുടേത്. കടുത്ത ത്രികോണ മത്സരത്തില്‍ 2009നേക്കാള്‍ കൂടുതല്‍ വോട്ടുകളോടെ ശ്രദ്ധേയ നേട്ടം കൈവരിക്കാനും കരുത്ത് തെളിയിക്കാനും ബിജെപിക്ക് സാധിച്ചു. അതിനാല്‍ ഇത്തവണ ചാലക്കുടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി 54കാരനായ എ.എന്‍.രാധാകൃഷ്ണനെ ബിജെപി തെരഞ്ഞെടുപ്പ് ഗോദായിലിറക്കുന്നത് ഏറെ ആത്മവിശ്വാസത്തോടെയാണ്.

രാഷ്ട്രീയ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള ജനകീയ നേതാവാണ് എഎന്‍ആര്‍. ബിജെപിയുടെ സമരമുഖങ്ങളില്‍ എല്ലായ്‌പോഴും ശ്രദ്ധേയ സാന്നിധ്യം. ശബരിമലയെ തകര്‍ക്കുന്നതിനെതിരെ ബിജെപി സംഘടിപ്പിച്ച എറണാകുളം മേഖലാ പരിവര്‍ത്തന യാത്ര നയിച്ചത് എ.എന്‍.രാധാകൃഷ്ണനായിരുന്നു.

ആചാര സംരക്ഷണത്തിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തിയ നിരാഹാര സമരത്തിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. തുടര്‍ച്ചയായി 10 ദിവസത്തോളം നിരാഹാരമനുഷ്ഠിച്ച എഎന്‍ആറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

2019ലെ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ഭാരത് കാ മന്‍കീ ബാത്ത് കാമ്പയിനില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമായി കൊച്ചിയിലെ പൗരപ്രമുഖരെ സന്ദര്‍ശിച്ച് എഎന്‍ആറിന്റെ നേതൃത്വത്തില്‍ സംവാദം നടത്തി.