ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് അറിയാത്തവരാണ് വയനാട്ടിലുള്ളത്; വയനാട്ടിലെ ജനങ്ങളെ അപഹസിച്ച് തുഷാര്‍ വെള്ളാപ്പള്ളി

single-img
14 April 2019

വയനാട്ടിലെ ജനങ്ങളെ അപഹസിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് പോലും അറിയാത്തവരാണ് ഇപ്പോഴും വയനാട്ടിലുള്ളതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സ്വകാര്യ ചാനലിലാണ് വയനാട്ടുകാരെ അപഹസിച്ച് തുഷാര്‍ സംസാരിച്ചത്.

‘കേരളത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലയാണ് വയനാട്. ഇത്രനാളും ഇടതും വലതും മാറി മാറി ജയിച്ചിട്ടും വയനാടിന്റെ അവസ്ഥ വളരെ ദയനീയമാണെന്നും’ തുഷാര്‍ പറഞ്ഞു. ആദിവാസി ഊരുകളില്‍ ഇപ്പോഴും വൈദ്യുതിയും വെള്ളവുമില്ലെന്നും നല്ല ആശുപത്രികള്‍ ഇല്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മാവോയിസ്റ്റ് ഭീഷണിയുള്ളത് കൊണ്ട് കേന്ദ്രം സുരക്ഷ ഏര്‍പ്പെടുത്തിയേക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ വിശ്വാസവും വലിയൊരു ഘടകമാകുമെന്നും വയനാടിനെക്കുറിച്ച് അമിത് ഷാ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.