മോദിയുടെ ഹെലികോപ്റ്ററില്‍ നിന്നും “ദുരൂഹമായ പെട്ടി” ഇറക്കി സ്വകാര്യ ഇന്നോവയില്‍ കടത്തിയെന്ന ആരോപണം;വിവാദം ചൂട് പിടിക്കുന്നു;അന്വേഷിക്കണമെന്ന് കോൺഗ്രസ്

single-img
14 April 2019

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്നും ദുരൂഹമായ പെട്ടി ഇറക്കിയതായി റിപ്പോര്‍ട്ട്. പെട്ടി സ്വകാര്യ ഇനോവയില്‍ കടത്തിയെന്നാണ് ആരോപണം. കര്‍ണ്ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവസ്തയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തി. പെട്ടി എന്തുകൊണ്ട് സെക്യൂരിറ്റി പ്രോട്ടോക്കോളിൽ ഉൾപ്പെട്ടില്ല, അത്‌ കൊണ്ടുപോയ കാർ എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ടില്ല എന്നീ ചോദ്യങ്ങളും വീഡിയോ ദൃശ്യത്തോടൊപ്പം ശ്രീവത്സ ട്വീറ്റ്ചെയ്തു.

ഹെലികോപറ്ററില്‍ ന്നിന്നിറക്കിയ കറുത്ത പെട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കൊണ്ടുപോകുന്നതും അല്‍പം ദൂരെ മാറ്റിയിട്ട ഇന്നൊവയില്‍ കയറ്റി ഓടിച്ചുപോകുന്നതുമാണ് ദൃശ്യത്തില്‍ ഉള്ളത്. ഏപ്രില്‍ 9നാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദി ചിത്രദുര്‍ഗ്ഗയില്‍ എത്തിയത്.

ദൃശ്യങ്ങൾ ജെ.ഡി.എസും കെ.പി.സി.സി. പ്രസിഡന്റും റീട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റിന്റെ ട്വീറ്റിൽ പറയുന്നു. അതിവേഗമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ കാർ തടഞ്ഞുനിർത്തി പരിശോധിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽനിന്ന് ഇറക്കിയ പെട്ടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ജെ.ഡി.എസും ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.