കേരളത്തില്‍ യു.ഡി.എഫ് മുന്നേറുമെന്ന് അഭിപ്രായ സര്‍വേ

single-img
14 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്നേറുമെന്ന് എഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്‌നേഴ്‌സ് അഭിപ്രായ സര്‍വേയും. യു.ഡി.എഫ് 13 സീറ്റ് നേടുമെന്നും എല്‍.ഡി.എഫിന് ആറ് സീറ്റുകള്‍ മാത്രമേ നേടാനാകൂവെന്നും സര്‍വേ പറയുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നും അതുവഴി എന്‍.ഡി.എ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

തിരുവനന്തപുരത്ത് 40 ശതമാനം വോട്ട് കുമ്മനം നേടുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ 34 ശതമാനം വോട്ട് മാത്രമേ നേടൂവെന്നും സര്‍വേ പറയുന്നു. അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി ദിവാകരന് 25 ശതമാനം മാത്രമേ വോട്ട് നേടാനാകൂവെന്നും സര്‍വേ പറയുന്നു.

ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി, ആലത്തൂര്‍, പാലക്കാട്, കാസര്‍കോട് സീറ്റുകള്‍ എല്‍.ഡി.എഫ് നേടുമെന്നാണ് സര്‍വേ പറയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് ഏറെ ശ്രദ്ധേയമായ വയനാട്ടില്‍ യു.ഡി.എഫ് 45 ശതമാനം വോട്ട് നേടുമെന്നും എല്‍.ഡി.എഫ് 39 ശതമാനം വോട്ട് മാത്രമേ നേടൂവെന്നും സര്‍വേ പറയുന്നു.

അതേസമയം ഏറെ ശ്രദ്ധേയമായ വടകര മണ്ഡലത്തില്‍ യു.ഡി.എഫിന്റെ കെ. മുരളീധരന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. മുരളീധരന്‍ 45 ശതമാനവും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ 39 ശതമാനവും വോട്ട് നേടും.

കാസര്‍കോട് മണ്ഡലം യു.ഡി.എഫ് നേടുമെന്ന് മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ് സര്‍വേകള്‍ പറഞ്ഞപ്പോള്‍, കാസര്‍കോട് എല്‍.ഡി.എഫ് നിലനിര്‍ത്തുമെന്നാണ് ഈ സര്‍വേയില്‍ പ്രവചിക്കുന്നത്.

കോഴിക്കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരേ ഒളിക്യാമറാ വിവാദം വന്നിരുന്നെങ്കിലും അദ്ദേഹം തന്നെ അവിടെ ജയിക്കുമെന്ന് സര്‍വേ പറയുന്നു.

പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്കു പോകുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ രണ്ടാംസ്ഥാനത്തെത്തുമെന്നും പറയുന്ന സര്‍വേയില്‍, തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി 26 ശതമാനം വോട്ട് നേടുമെന്നു കപ്രവചിക്കുന്നു.