തരൂരിനു പരാതിയില്ല;കോൺഗ്രസിൽ എല്ലാവരും ഒറ്റക്കെട്ട്: എഐസിസി നിരീക്ഷകൻ നാനാ പടോലെ

single-img
14 April 2019

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എ.ഐ.സി.സി. നിയമിച്ച നിരീക്ഷകന്‍ നാന പടോലെ. നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ വേണ്ടവിധം സഹകരിക്കുന്നില്ല എന്ന് ശശി തരൂര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഐസിസി നിരീക്ഷകനായി നാന പടോലെയെ തിരുവനന്തപുരത്തേക്ക് നിയോഗിച്ചത്.

അതേസമയം തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടാകരുതെന്ന് കെപിസിസി ജില്ലാ നേതൃത്വത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്കും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ജില്ലാ നേതൃത്വവുമായി ചര്‍ച്ചനടത്തി. എന്നാൽ തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ ഹൈക്കമാന്‍ഡ് നിഷേധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിരീക്ഷകനെ നിയോഗിച്ചത് കൂടുതല്‍ ഏകോപനത്തിന് വേണ്ടിയാണെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറയുന്നത്.

തിരുവനന്തപുരം കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായി കാണുന്ന മണ്ഡലമാണെന്നും അതിനാലാണ് അവിടെ പ്രത്യേക നിരീക്ഷകനെ നിയോഗിച്ചിരിക്കുന്നതെന്നും കെ.സി വേണുഗോപാലും പറഞ്ഞു.