തെരെഞ്ഞെടുപ്പ് ചട്ടം ശബരിമല കർമ്മസമിതിയ്ക്ക് ബാധകമല്ലെന്ന് ചിദാനന്ദപുരി

single-img
14 April 2019

തെരെഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലുവിളിച്ച് അദ്വൈതാശ്രമം മഠാധിപതിയും ശബരിമല കര്‍മ്മസമിതി മുഖ്യ രക്ഷാധികാരിയുമായ ചിദാനന്ദപുരി. വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ശബരിമല കര്‍മ്മ സമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർമ്മസമിതി രാഷ്ട്രീയ പാർട്ടിയോ പ്രസ്ഥാനമോ അല്ല. ശബരിമല സജീവ ചര്‍ച്ചയാക്കുക ലക്ഷ്യമിട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ നാമജപ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ ചിത്രവും നിലവിളക്കും വച്ചാണ് കര്‍മസമിതിയുടെ നാമജപ പ്രതിഷേധം.

അതേ സമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പ്രത്യക്ഷ പിന്തുണയാണ് കർമ്മസമിതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന് ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കണമെന്ന് ചിദാനന്ദപുരി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്’ എന്നാണ് ബിജെപിക്ക് വേണ്ടി ശബരിമല കർമ്മസമിതി ഉയര്‍ത്തുന്ന മുദ്രാവാക്യം. ‘ഒളിപ്പിച്ചുകടത്തിയതും ഓടിച്ചിട്ടടിച്ചതും ഓര്‍മയിലുണ്ടാവും ‘നെഞ്ചിലെന്നും കനലായെരിയും ഈ കിരാതവാഴ്ച’ എന്ന വാക്യങ്ങളുമായി കേരളത്തിന്റെ വിവിധയിടങ്ങളില്‍ കൂറ്റന്‍ ഫ്‌ളക്‌സുകള്‍ വെച്ചിട്ടുണ്ട്.

എന്നാൽ കര്‍മസമിതിക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും എല്‍ഡിഎഫ് പറഞ്ഞു.