വാരണാസിയിൽ പ്രിയങ്ക വന്നാല്‍ മോദിയുടെ നില പരുങ്ങലിലാകും:കണക്കുകൾ പറയുന്നതിങ്ങനെ

single-img
14 April 2019

ന്യൂഡ‌ൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ പ്രചാരണം കടുപ്പിച്ച് വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചത് മോദിക്ക് കനത്ത വെല്ലുവിളിയാകും.കണക്കുകൾ പരിശോധിച്ചാൽ ഹിന്ദി ഹൃദയഭൂമിയിൽ കാര്യങ്ങള്‍ അത്ര സുഗമമാകില്ല മോദിക്കെന്ന വിലയിരുത്തലുണ്ട്.

തിരഞ്ഞെടുപ്പിലെ താരപ്രചാരകനായ നരേന്ദ്ര മോദിക്ക് രാജ്യവ്യാപക പ്രചാരണത്തിന് ഇറങ്ങാൻ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം വിലങ്ങുതടിയാകുമെന്നാണ് വിലയിരുത്തൽ. ശക്തമായ മോദി തരംഗമുണ്ടായ 2014ലെ തിരഞ്ഞെടുപ്പിനെ പോലയല്ല ഇത്തവണത്തെ കാര്യങ്ങൾ. പ്രതിപക്ഷ പാർട്ടികൾ പൊതുശത്രുവിനെ ഒന്നിക്കാൻ സാധ്യതയുള്ളതിനാൽ മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതൽ പ്രചാരണം നടത്താൻ മോദി തയ്യാറായേക്കുമെന്നാണ് വിവരം. ഒപ്പം വാരണാസിക്ക് പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി മോദി മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ മത്സരിച്ചത് ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളാണ്. ഒപ്പം കോൺഗ്രസ് ബി.എസ്.പി തുടങ്ങിയ പാർട്ടികളും മത്സരിച്ചു. ഇന്ന് പൊതുശത്രുവായ മോദിക്കെതിരെ ഈ പാർട്ടികളെല്ലാം ഒരുമിക്കാനുള്ള ശ്രമത്തിലാണ്. ഉത്തർപ്രദേശിലെ എസ്.പി – ബി.എസ്.പി സഖ്യവും വാരണാസിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്കാ ഗാന്ധി സ്ഥാനാർത്ഥിയായാൽ ഇവിടെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുണ്ടാകുമെന്നാണ് വിവരം. 2014ലെ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ മണ്ഡലങ്ങലിൽ എസ്.പി – ബി.എസ്.പി സ്ഥാനാർത്ഥികൾ തങ്ങളുടെ നില മെച്ചപ്പെടുത്തിയെന്നതും പ്രതിപക്ഷ ക്യാമ്പിന് പ്രതീക്ഷ നൽകുന്നുണ്ട്.

വാരണാസിയിൽ 15 ലക്ഷം വോട്ടറന്മാരാണു ഉള്ളത്.694,209 വോട്ടര്‍മാർ സ്ത്രീകൾ. 867,645 പുരുഷവോട്ടർമാർ. ആകെ 5 നിയമസഭാമണ്ഡലങ്ങൾ.2009 ൽ മുരളി മനോഹര്‍ ജോഷി 17000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്രമാണു വിജയിച്ചത്.581022 ആണ് 2014 ല്‍ വാരണാസിയിൽ നിന്ന് മോദി നേടിയ വോട്ടുകള്‍. 209238 വോട്ടുകൾ നേടി ആം ആംദ്മി നേതാവ് അരവിന്ദ് കേജ്‍രിവാൾ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.1957 മുതലുള്ള തിരഞ്ഞെടുപ്പു ചിത്രം പരിശോധിച്ചാൽ ആറു തവണ വീതം കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികളെ വാരണാസി വോട്ടർമാർ ജയിപ്പിച്ച് പാർലമെൻറിലേക്കയച്ചു.