ജനങ്ങളോട് വോട്ട് ചെയ്യാന്‍ പറഞ്ഞ് ദ്രാവിഡ്; പക്ഷേ ദ്രാവിഡിന്‌ വോട്ട് ഇല്ല!

single-img
14 April 2019

കർണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറാണ് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്. എന്നാൽ ദ്രാവിഡിന് ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതാണ് കാരണം.

2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ദ്രാവിഡ് ബാംഗ്ലൂർ സെൻട്രൽ ലോക്​സഭാ മണ്ഡലത്തിലെ ഇന്ദിരാ നഗറിൽ നിന്ന് താമസം മാറിയിരുന്നു. ഇപ്പോൾ താമസിക്കുന്ന അശ്വത്ഥ് നഗർ ബാംഗ്ലൂർ നോർത്ത് ലോക്​സഭാ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. ഇതോടെ ദ്രാവിഡിന്റെ സഹോദരൻ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാനുള്ള ഫോം നൽകിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്തു. എന്നാൽ പുതിയ മണ്ഡലത്തിൽ പേര് ചേർക്കാനുള്ള ഫോം ദ്രാവിഡ് പൂരിപ്പിച്ച് നൽകിയില്ല. ഇതോടെയാണ് താരത്തിന് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായത്.

ദ്രാവിഡ് തന്നെ ഫോം സമർപ്പിച്ചാൽ മാത്രമേ പുതിയ മണ്ഡലത്തിൽ പേര് ചേർക്കാൻ സാധിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. രണ്ട് തവണ ദ്രാവിഡിന്റെ വീട്ടിൽ ചെന്നെങ്കിലും അവിടെ ആരുമില്ലായിരുന്നുവെന്നും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ രൂപ വ്യക്തമാക്കി.

ഇപ്പോൾ സ്പെയ്നിലാണ് ദ്രാവിഡ്. വോട്ട് ചെയ്യാനായി ഇന്ത്യയിലെത്താൻ താരം തീരുമാനിച്ചിരുന്നു. എന്നാൽ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ താരം വോട്ട് ചെയ്യാനുള്ള സാധ്യത ഇല്ല.