വിമർശിക്കുന്നവർ മന്ദബുദ്ധികൾ; ട്രോളന്മാർ വാഴ നടട്ടെ: അൽഫോൺസ് കണ്ണന്താനം

single-img
14 April 2019

തന്നെ ട്രോളുന്നവർ മന്ദബുദ്ധികളാണെന്നും അവർ മറ്റുള്ളവരെ മണ്ടന്മാരാക്കുകയാണെന്നും എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം. ട്രോളന്മാർക്ക് പറ്റിയ ഏറ്റവും എളുപ്പമുള്ള പരിപാടി ഒരു തൂമ്പായും എടുത്ത് രണ്ട് വാഴ നടുന്നതാണ്. മാതൃഭൂമി ന്യൂസ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കണ്ണന്താനം ഇപ്രകാരം പറഞ്ഞത്.

“കോടതിയില്‍ കയറി വോട്ട് ചോദിച്ച സംഭവമാണ് ഒന്ന്. കോടതി തുടങ്ങുന്നത് 11 മണിക്ക് ജഡ്ജി വരുമ്പോള്‍ മാത്രമാണ്. താന്‍ 10.50 ന് കോടതിയില്‍ കയറി 10.55 ന് പുറത്തിറങ്ങി. ഇതൊക്കെ ചില മന്ദബുദ്ധികളായ ആളുകള്‍ കേരളത്തിലെ ജനങ്ങളെ മണ്ടന്മാരാക്കാനായി ചെയ്യുന്നതാണ്. ” കണ്ണന്താനം പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്ന് വന്നപ്പോള്‍ ഞാന്‍ ആര്‍ക്കോ കൈ കൊടുത്ത് വോട്ട് ചോദിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി ഇങ്ങേവശം ചാലക്കുടിയാണോ അങ്ങേവശം എറണാകുളമാണോ എന്ന് നോക്കി എറണാകുളത്ത് മാത്രമേ ചിരിച്ചുകാണിക്കു എന്നൊക്കെ പറയുന്നത് എന്തൊരു മന്ദബുദ്ധികളുടെ ചിന്തയാണ്.. ഇവരെ പറ്റി എന്ത് പറയാനാണ്. ഇത്തരത്തില്‍ ഒരു പണിയും ഇല്ലാത്തവര്‍ പോയി എന്തെങ്കിലും നല്ലകാര്യങ്ങള്‍ ചെയ്യട്ടെയെന്നും കണ്ണന്താനം പറഞ്ഞു.

“ടൈം മാസികയുടെ കവറില്‍ വന്ന ലോകത്തിലെ നൂറ് നേതാക്കന്മാരുടെ പട്ടികയില്‍ ഉള്ളയാളാ ഞാൻ. അപ്പോള്‍ എന്റെ പടം എടുത്തുവെച്ചു എന്നായി.കഠിനാധ്വാനം ചെയ്താണ് ഇവിടെ എത്തിയത്. അതുകൊണ്ട്  ഇവരർക്ക് പറ്റിയ ഏറ്റവും എളുപ്പമുള്ള പരിപാടി ഒരു തൂമ്പായും എടുത്ത് രണ്ട് വാഴ നടുന്നതാണ്. അതിന് വെള്ളമൊഴിക്കണം. രണ്ട് വാഴ നട്ടാല്‍ ഇത്തിരി ഉപ്പേരിയെങ്കിലും തിന്നാം”, കണ്ണന്താനം ഉപദേശിച്ചു.