അധികാരത്തിലിരിക്കെ വിശ്വാസ സംരക്ഷണത്തിനായി മോദി എന്ത് ചെയ്തെന്ന് എ കെ ആന്റണി

single-img
14 April 2019

കേരളത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ നടപടിയെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പരിഹാസ്യമാണെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. സുപ്രീം കോടതി വിധി വരുമ്പോൾ അധികാരത്തിലിരുന്ന മോദിയ്ക്ക് ആചാര-വിശ്വാസങ്ങൾ ബോധ്യപ്പെടുത്താനും വിശദീകരിക്കാനും അവസരമുണ്ടായിട്ടും ഉറക്കം നടിക്കുകയായിരുന്നുവെന്ന് ആന്റണി ആരോപിച്ചു.

ശബരിമല യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തിൽ കേരളം കലാപഭൂമിയാക്കാൻ തന്റെ പാർട്ടിക്കാരെ അനുവദിച്ച ശേഷം വിശ്വാസ സംരക്ഷണത്തിനു നടപടിയെടുക്കുമെന്ന് ഇപ്പോൾ പറയുന്നത് രാഷ്ട്രീയ നാടകമാണ്. കോഴിക്കോട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേരള ജനതയെ പരിഹസിക്കുന്നതാണെന്നും ആന്റണി പറഞ്ഞു.തൃശൂർ പ്രസ് ക്ലബ്ബിന്റെ ‘രാഷ്ട്രീയം പറയാം’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു എ കെ ആന്റണി.

ആചാര–വിശ്വാസ സംരക്ഷണങ്ങൾക്കൊപ്പം നിൽക്കുന്ന കോൺഗ്രസിന്റെ ഭരണകാലങ്ങളിൽ ഒരു ഭക്തനും കോടതിയിൽ പോകേണ്ടി വന്നിട്ടില്ല.  ബിജെപി ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയ വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതു രാജ്യദ്രോഹമാണെന്നും ‌ആന്റണി പറ‍ഞ്ഞു.