പാക്ക് പ്രധാനമന്ത്രിയെ കാണാന്‍ ഊഴം കാത്ത് രാഹുലും മമതയും; വീണ്ടും പൊളിഞ്ഞ് സംഘപരിവാറിന്റെ ഫോട്ടോഷോപ്പ് തന്ത്രം

single-img
13 April 2019

കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രത്തിന്റെ കള്ളത്തരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ ലോകം. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കാണാന്‍ രാഹുല്‍ ഗാന്ധിയും മമതാ ബാനര്‍ജിയും കാത്തിരുന്ന ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്.

പാകിസ്ഥാന്‍ സൈനിക മേധാവിയോട് ഇമ്രാന്‍ ഖാന്‍ സംസാരിക്കുമ്പോള്‍ തൊട്ടുപിന്നില്‍ നിരത്തിയിട്ടിരിക്കുന്ന കസേരയില്‍ ഇരിക്കുകയാണ് രാഹുല്‍ ഗാന്ധിയും മമതയും. ഇതിനൊപ്പം പഞ്ചാബ് മന്ത്രി നവജ്യോത് സിങും ശത്രുഘ്‌നന്‍ സിന്‍ഹയും കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

ഈ ചിത്രം സജീവമായി സൈബര്‍ ലോകത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ ഫോട്ടോഷോപ്പില്‍ ചെയ്‌തെടുത്ത ഈ ചിത്രത്തിന്റെ സത്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഏപ്രില്‍ നാലിന് പാക് സൈനിക മേധാവി ജാവേദ് ബജ്‌വയുമായി ഇമ്രാന്‍ ഖാന്‍ തന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യമാണിത്.

ഇതിന്റെ യഥാര്‍ഥ ചിത്രം പാകിസ്താന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ടതാണ്. ഈ ചിത്രത്തില്‍ ഇരുവര്‍ക്കും പിന്നില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ കാണാം. ഫോട്ടോഷോപ് ഉപയോഗിച്ച് ഈ കസേരകളില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇരിക്കുന്നതായി എഡിറ്റ് ചെയ്തു ചേര്‍ത്താണ് വ്യാജ ചിത്രം നിര്‍മിച്ചിരിക്കുന്നത്.