രാഹുല്‍ ഗാന്ധി വിദ്യാഭ്യാസ യോഗ്യതകളില്‍ പലതും മറച്ചുവച്ചിരിക്കുന്നു; എംഫില്‍ കിട്ടിയത് മാസ്റ്റര്‍ ഡിഗ്രിയില്ലാതെ: കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി

single-img
13 April 2019

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് വിവാദത്തിലായി ബിജെപിയ്ക്കായി പ്രതിരോധം തീര്‍ത്തുകൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ഡിഗ്രി ജയിച്ചിട്ടില്ലെന്ന് സ്മൃതി ഇറാനി വെളിപ്പെടുത്തിയതോടെ കുരുക്കിലായ ബിജെപി രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത ആരോപണവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്ക് എംഫില്‍ കിട്ടിയത് മാസ്റ്റര്‍ ഡിഗ്രിയില്ലാതെയാണെന്ന ആരോപണവുമായാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇപ്പോള്‍ എത്തിയിട്ടുള്ളത്. രാഹുല്‍ ഗാന്ധി തന്‍റെ വിദ്യാഭ്യാസ യോഗ്യതകളില്‍ പലതും മറച്ചുവച്ചിരിക്കുകയാണെന്നും അവ പരിശോധിച്ചാല്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയുടെ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നതിന് മുന്പായി രാഹുലിന്‍റെ എംഫിലിന്‍റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ജയ്റ്റ്ലി ഫേസ്ബുക്കില്‍ ചെയ്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു.