വീണ്ടും റഫാല്‍: അനില്‍ അംബാനിക്ക് ഫ്രാന്‍സ് നല്‍കിയത് ശതകോടികളുടെ നികുതിയിളവ്

single-img
13 April 2019

റഫാല്‍ കരാര്‍ ഒപ്പു വെച്ചതിന് പിന്നാലെ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 ദശലക്ഷം യൂറോയുടെ നികുതി ഇളവ് നല്‍കിയതായി ഫ്രഞ്ച് ദിനപത്രം ‘ലെ മൊണ്‍ഡെ’. റഫാല്‍ കരാര്‍ നല്‍കിയതിനുള്ള പ്രത്യുപകാരമായി സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് അനില്‍ അംബാനിക്ക് നികുതി ഇളവ് നല്‍കിയതെന്നാണ് പത്രം വിലയിരുത്തുന്നത്.

ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചതെന്ന് ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനിയാണ് റിലയന്‍സിന്റെ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ‘റിലയന്‍സ് അറ്റ്‌ലാന്റിക് ഫഌഗ് ഫ്രാന്‍സ്’ എന്ന പേരിലുള്ള കമ്പനി.

15.1 കോടിയൂറോയാണ് നികുതി ഇനത്തില്‍ ഈ കമ്പനി നല്‍കാനുണ്ടായിരുന്നത്. നികുതി വെട്ടിപ്പിന് അനില്‍ അംബാനിയുടെ കമ്പനി ഫ്രാന്‍സില്‍ അന്വേഷണം നേരിടുന്ന സമയത്താണ് റഫാല്‍ ഇടപാട് നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് 14.37 കോടി യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്.

ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 73 ലക്ഷംയൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാന്‍ അവസരം നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. അനില്‍ അംബാനിയുടെ കമ്പനിയെ റഫാല്‍ ഇടപാടില്‍ പങ്കാളിയാക്കിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. റഫാല്‍ ഇടപാടിന്റെ ഭാഗമായി ഫ്രാന്‍സിന് ലഭിക്കേണ്ട 14.37 കോടി യൂറോ നഷ്ടപ്പെടുത്തിയതായുള്ളറിപ്പോര്‍ട്ട് ഫ്രാന്‍സിലും വലിയ ചര്‍ച്ചകള്‍ക്ക് ഇടായാക്കിയിട്ടുണ്ട്.