പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളില്‍ വിശ്വസ്തരായ പുതുതലമുറ നേതാക്കള്‍ക്ക്‌ നിയമനം; ഉത്തര കൊറിയയുടെ ഭരണനേതൃത്വത്തില്‍ വന്‍ അഴിച്ചുപണിയുമായി കിം ജോങ് ഉന്‍

single-img
13 April 2019

സോള്‍: ഉത്തര കൊറിയന്‍ ഭരണനേതൃത്വത്തില്‍ വന്‍ അഴിച്ചുപണിയുമായി രാജ്യത്തെ നാമമാത്ര നിയമനിര്‍മ്മാണ സഭയായ സുപ്രീം പീപ്പിള്‍സ് അസംബ്ലി. പുതിയ നയങ്ങളിലും പരമാധികാരം കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നില്‍ തന്നെയാക്കിക്കൊണ്ട് പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളില്‍ ഉന്നിന്റെ വിശ്വസ്തരായ പുതുതലമുറ നേതാക്കളെയാണ് നിയമിച്ചത്.

ഉത്തര കൊറിയയിലെ ജനങ്ങളുടെ പരമോന്നത പ്രതിനിധി എന്നാണ് ഇത് സംബന്ധിച്ച വാര്‍ത്താക്കുറുപ്പില്‍ കിം ജോങ് ഉന്നിനെ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ അധികാരം ഏറ്റെടുത്ത് 8 വര്‍ഷത്തിനു ശേഷമാണ് പദവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.

ഭേദഗതി വരുത്തിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഉന്നതാധികാര സമിതിയായ സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷന്റെ ചെയര്‍മാനായി കിം ജോങ് ഉന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ചോ റ്യോങ് ഹെ ആണ് പുതിയ പ്രസിഡന്റ്. നിയമനിര്‍മാണ സഭാ അധ്യക്ഷനായ ഇദ്ദേഹമാകും രാജ്യാന്തര തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക. 20 വര്‍ഷത്തില്‍ കൂടുതലായി പദവി വഹിച്ചുവന്ന കിം യോങ് നാമാണ് ഒഴിവാക്കപ്പെട്ടത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതിന്റെ പേരില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ഉത്തരകൊറിയന്‍ നേതാക്കളില്‍ ഒരാളാണ് ചോ. പ്രധാനമന്ത്രി എന്ന പദവിയില്‍ കിം ജേ റ്യോങ് നിയമിതനായി. അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിച്ച ചോ സോന്‍ ഹ്യൂവിനെ വിദേശകാര്യ ഉപമന്ത്രിയാക്കി.