അയ്യപ്പന്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ബിജെപി വോട്ടുപിടിക്കുന്നത്; ദൈവം ഇവിടെ സ്ഥാനാര്‍ത്ഥിയല്ല: സുധാകരന്‍

single-img
13 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന തരത്തിലാണ് ബിജെപി കേരളത്തില്‍ വോട്ടു പിടിക്കുന്നതെന്ന് പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. അയ്യപ്പന്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ബിജെപി വോട്ടുപിടിക്കുന്നത്.

ദൈവം ഇവിടെ സ്ഥാനാര്‍ത്ഥിയല്ല. ഈ രീതിയിലുള്ള പ്രചാരണം ഭരണഘടനാ ലംഘനമാണെന്നും അയ്യപ്പനെ രാഷ്ട്രീയവല്‍ക്കരിച്ചാല്‍ ബിജെപിക്ക് അത് തിരിച്ചടിയാവുമെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

കോണ്‍ഗ്രസ് ഭരണപരാജയത്തിന്റെ സൃഷ്ടിയാണ് നരേന്ദ്ര മോദി. കമ്മ്യൂണിസ്റ്റുകാരെ പിണക്കിയും വേദനിപ്പിച്ചും ഒരിക്കലും രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാനാവില്ല. പാര്‍ലമെന്റില്‍ അങ്ങോട്ടും ഇങ്ങോട്ടും ചോര്‍ ഹേ വിളിച്ച് കളിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ രാഹുലിനെ വഴി തെറ്റിക്കുകയാണ്. ഇവിടുത്തെ കോണ്‍ഗ്രസുകാരെ കൊണ്ട് മാത്രം രാഹുല്‍ പ്രധാനമന്ത്രിയാവാതിരിക്കും. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നതോടെ ചീത്തയായെന്നും ഇമേജ് പോയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.