ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു

single-img
13 April 2019

ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാംസ്കാരിക, ആത്മീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന ഡോ. ഡി.ബാബുപോൾ അന്തരിച്ചു. 78 വയസ്സായിരുന്നു. ഒരാഴ്ചയായി അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹംമൂലം കാലിൽ ഉണ്ടായ മുറിവിൽനിന്നുള്ള അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം.

രാവിലെ ഒൻപതു മണിക്ക് മൃതദേഹം പുന്നൻ റോഡിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. 12 മണിക്ക് കുറവൻകോണം മമ്മീസ് കോളനിയിലെ വസതിയിൽ എത്തിക്കും. നാളെ നാലുമണിക്ക് പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി യാക്കോബായ പള്ളിയിൽ സംസ്കാരം. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചു.

എൻജിനീയറായി ഐ.എ.എസിലേക്ക് എത്തിയ ഡാനിയേൽ ബാബുപോൾ നാൽപ്പതുവർഷത്തോളം ഭരണരംഗത്ത് പ്രഗത്ഭനായിനിന്നു. അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ അംഗം, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ, കേരള സർവകലാശാല വൈസ് ചാൻസലർ തുടങ്ങി നിർണായക പദവികൾ വഹിച്ചു. കേരളത്തിലെ ആദ്യവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുതി പദ്ധതി യാഥാർഥ്യമായത് ബാബുപോളിന്റെ നേതൃത്വത്തിലായിരുന്നു. വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.

മുപ്പതോളം പുസ്തകങ്ങൾ അദ്ദേഹം എഴുതി. ആറുലക്ഷം വാക്കുകൾ ഉൾപ്പെടുത്തി 22 വർഷം ഗവേഷണംചെയ്ത് തയ്യാറാക്കിയ വേദശബ്ദ രത്നാകാരം മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടുവാണ്. ഒമ്പതുവർഷമെടുത്താണ് അനുപമമായ ഈ നിഘണ്ടു അദ്ദേഹം എഴുതിയത്.