മോദിയെ സാക്ഷിയാക്കി ശ്രീധരന്‍ പിള്ളയുടെ വെല്ലുവിളി; ‘തടയാന്‍ ആരുണ്ടെന്ന് നോക്കാം’: തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് അവഗണിക്കാന്‍ ബി.ജെ.പി നിര്‍ദേശം

single-img
13 April 2019

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം പ്രചരണ ആയുധമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം അവഗണിക്കാന്‍ ബി.ജെ.പി തീരുമാനം. വോട്ടെടുപ്പിന് ഇനി പത്തുദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് നിര്‍ണായക ചുവടുമാറ്റവുമായി കേരളത്തിലെ ബി.ജെ.പി നേതൃത്വം രംഗത്തുവന്നിരിക്കുന്നത്.

പത്തനംതിട്ടയിലും തൃശൂരുമടക്കം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരം ലഭിക്കുന്നുവെന്ന വിലയിരുത്തലിലാണ് ഈ ചുവടുമാറ്റം.

ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ബി.ജെ.പി കണക്കുകൂട്ടിയതിനപ്പുറമുള്ള സ്വീകാര്യതയാണ് ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ലഭിക്കുന്നതെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ആദ്യഘട്ടത്തില്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിച്ച വേളയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയ സംഭവമുണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് പാര്‍ട്ടി ഈ വിഷയത്തില്‍ നിന്നും പിന്നോട്ടു പോയിരുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ഒരു ഭീതിയും മനസില്‍വെക്കാതെ ശബരിമല പ്രചരണത്തിനായി ഉപയോഗിക്കാനാണ് ബി.ജെ.പി നേതൃത്വം നിര്‍ദേശം നല്‍കിയത്.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കോഴിക്കോട്ടെ ചടങ്ങില്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. ലോക്‌സസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയെപ്പറ്റി മിണ്ടി പോവരുതെന്നും, പറഞ്ഞാല്‍ കേസെടുക്കുമെന്നും, തെരഞ്ഞെടുപ്പില്‍ അയോഗ്യരാകുമെന്നും പറഞ്ഞവരോട് ഞാന്‍ പറയുന്നു. ശബരിമല വിഷയത്തില്‍ വ്രണിതരായ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ബിജെപി നിലകൊള്ളും .ഞങ്ങളെ തടയാനാവില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രശ്‌നമാകും, അത് തടയാന്‍ ആരുണ്ട്. വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുത്തു സംസാരിക്കവേ ശ്രീധരന്‍ പിള്ള പറഞ്ഞു.