നൂറ് ദിവസം കൊണ്ട് പുലിമുട്ട് നിര്‍മ്മിക്കും: തീരദേശത്തെ ആവേശത്തിലാഴ്ത്തി എ.എന്‍.രാധാകൃഷ്ണന്‍

single-img
13 April 2019

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എ.എന്‍.രാധാകൃഷ്ണന് സ്വീകാര്യതയേറുന്നു. ചാലക്കുടിയിലുള്‍പ്പെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം സജീവമാണ്. ബിജെപി നേതാക്കള്‍ പ്രതീക്ഷിച്ചതിനേക്കാളും ജനപിന്തുണയാണ് എഎന്‍ആറിന് ലഭിക്കുന്നത്. സിറ്റിങ് എംപിയായ ഇന്നസെന്റിനോടുള്ള ജനങ്ങളുടെ അതൃപ്തി ഇത്തവണ എന്‍ഡിഎക്ക് ഏറെ ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസത്തെ കൈപ്പമംഗലം മണ്ഡല പര്യടനം തീരദേശത്തെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു. രാവിലെ അഴീക്കോട് സുനാമി കോളനിയില്‍ നിന്ന് ആരംഭിച്ച പര്യടനം ബിഡിജെഎസ് തൃശൂര്‍ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കൈപ്പമംഗലം, എടതിരിത്തി പഞ്ചായത്തുകളില്‍ പര്യടനം നടത്തി.

നാല്‍പതോളം കേന്ദ്രങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയിരുന്നു. തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ എ.എന്‍. രാധാകൃഷ്ണന്‍ വിജയിച്ചു വരുമ്പോള്‍ കൈപ്പമംഗലം മണ്ഡലത്തിലെ തീരപ്രദേശത്ത് നൂറ് ദിവസം കൊണ്ട് പുലിമുട്ട് നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കി.

അഴീക്കോട് മുനമ്പം പാലം യാഥാര്‍ത്ഥ്യമാക്കി നരേന്ദ്ര മോദിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി പാവപ്പെട്ടവനും പിന്നോക്ക സമുദായത്തില്‍ നിന്നുള്ള ആളുമായതിനാല്‍ എല്‍ഡിഎഫിനും യുഡിഎഫിനും അന്തമായ മോദി വിരോധമാണ്. ഇക്കാരണത്താല്‍ വീടില്ലാത്തവര്‍ക്ക് വീടു വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത പ്രധാനമന്ത്രി ആവാസ് യോജന സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആദ്യ സ്വീകരണസ്ഥലമായ സുനാമി കോളനിയില്‍ പങ്കായം നല്‍കിയും, പെരിഞ്ഞനത്ത് വഞ്ചി നല്‍കിയുമാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. പര്യടനം രാത്രിയില്‍ കോതപറമ്പ് ജങ്ഷനില്‍ സമാപിച്ചു. ഇന്ന് ആലുവ നിയോജക മണ്ഡലത്തിലാണ് എ.എന്‍. രാധാകൃഷ്ണന്‍ പര്യടനം നടത്തുന്നത്.

രാഷ്ട്രീയ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള ജനകീയ നേതാവാണ് എഎന്‍ആര്‍. ബിജെപിയുടെ സമരമുഖങ്ങളില്‍ എല്ലായ്‌പോഴും ശ്രദ്ധേയ സാന്നിധ്യം. ശബരിമലയെ തകര്‍ക്കുന്നതിനെതിരെ ബിജെപി സംഘടിപ്പിച്ച എറണാകുളം മേഖലാ പരിവര്‍ത്തന യാത്ര നയിച്ചത് എ.എന്‍.രാധാകൃഷ്ണനായിരുന്നു.

ആചാര സംരക്ഷണത്തിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തിയ നിരാഹാര സമരത്തിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. തുടര്‍ച്ചയായി 10 ദിവസത്തോളം നിരാഹാരമനുഷ്ഠിച്ച എഎന്‍ആറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

2019ലെ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ഭാരത് കാ മന്‍കീ ബാത്ത് കാമ്പയിനില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമായി കൊച്ചിയിലെ പൗരപ്രമുഖരെ സന്ദര്‍ശിച്ച് എഎന്‍ആറിന്റെ നേതൃത്വത്തില്‍ സംവാദം നടത്തിയിരുന്നു.