അവകാശവാദം സന്യാസിയെന്ന്; വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്ന് പറഞ്ഞ സാക്ഷി മഹാരാജിനെതിരെയുള്ളത് 34 ക്രിമിനല്‍ കേസുകള്‍

single-img
13 April 2019

ന്യൂഡല്‍ഹി: താന്‍ ഒരു സന്ന്യാസിയാണെന്നും സന്യാസി ആവശ്യപ്പെടുന്നത് (വോട്ട്) നല്‍കിയില്ല എങ്കില്‍ ശപിക്കുമെന്നും പറഞ്ഞ ബിജെപിയുടെ എംപി സാക്ഷി മഹാരാജിനെതിരെയുള്ളത് 34 ക്രിമിനല്‍ കേസുകള്‍. തെരഞ്ഞെടുപ്പ് കമ്മീഷന് സാക്ഷി മഹാരാജ് നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിലാണ് ക്രിമിനല്‍ കേസുകളുടെ വിവരങ്ങളുള്ളത്.

സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തല്‍, കളവ്, കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇദ്ദേഹത്തിനെതിരെ കേസുകള്‍ ഉള്ളത്. പത്തൊന്‍പത് വര്‍ഷം മുന്‍പ് സാക്ഷി മഹാരാജും അദ്ദേഹത്തിന്റെ രണ്ട് ബന്ധുക്കളും ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് എത്താഹിലെ ഒരു കോളേജ് പ്രിന്‍സിപ്പാള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാളും സുഹൃത്തും കാറില്‍ സഞ്ചരിക്കവെയാണ് ആക്രമിക്കപ്പെട്ടത്. ഈ കേസില്‍ ഒരുമാസം സാക്ഷി മഹാരാജിന് ദല്‍ഹിയിലെ തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വന്നു. ഒടുവില്‍ വെറുതെ വിട്ടു.

അതേപോലെതന്നെ പത്ത് വര്‍ഷം മുമ്പ് ഫാറൂഖാബാദിലെ സാക്ഷിയുടെ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന മണിപ്പൂരി സ്വദേശിനിയുടെ പരാതിയിലും സാക്ഷിയ്‌ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഈ കേസില്‍, ബലാത്സംഗം നടന്നില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

സ്വാമി സച്ചിദാനന്ദ് ഹരി എന്ന വേറൊരു പേരിലും അറിയപ്പെടുന്ന സാക്ഷി മഹാരാജ് 1990കളില്‍ ബിജെപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ഫാറൂഖാബാദ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണ എംപിയായിട്ടുള്ള സാക്ഷി മഹാരാജ് ബിജെപിയില്‍ നിന്നിറങ്ങി സമാജ്‌വാദി പാര്‍ട്ടിയിലും യു.പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിന്റെ രാഷ്ട്രീയ ക്രാന്തി പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച ശേഷമാണ് വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. 2014ല്‍ വിജയിച്ച ഉന്നാവില്‍ തന്നെയാണ് ഇത്തവണയും സാക്ഷി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.