അനധികൃതമായി യുഎസിലേക്ക് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട കുരുന്നിന്റെ ഭയം; ജോണ്‍ മൂര്‍ എടുത്ത ചിത്രത്തിന് ലോക പ്രസ് ഫോട്ടോ പുരസ്ക്കാരം

single-img
12 April 2019

ആംസ്റ്റര്‍ഡാം: അമ്മയില്‍ നിന്നും വേര്‍പിരിക്കുന്ന കുട്ടിയുടെ ജോണ്‍ മൂര്‍ എടുത്ത ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായി. അനധികൃതമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ മാതാവിനെ ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്നു വിറച്ച് കരഞ്ഞ പിഞ്ചു കുഞ്ഞിന്റെ ചിത്രം മനുഷ്യമനസ്സുകളെ വേദനിപ്പിച്ചിരുന്നു.

ലോകമെമ്പാടുമുള്ള 4738 ഫോട്ടോഗ്രാഫര്‍മാരുടെ 78,801 ചിത്രങ്ങളില്‍ നിന്നാണ് പുരസ്ക്കാരത്തിന് അര്‍ഹമായ ചിത്രം തെരഞ്ഞെടുത്തത്. സാന്ദ്രാ സാഞ്ചസ് എന്ന യുവതിയും അവരുടെ മകള്‍ യനേലയും അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന് യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയില്‍ പിടിക്കപ്പെടുകയായിരുന്നു.

അമ്മയായ സാന്ദ്രയെ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പേടിച്ച് കരയാന്‍ തുടങ്ങി. ഈ സമയത്തുള്ള ചിത്രമാണ് മൂര്‍ തന്റെ കാമറയില്‍ പകര്‍ത്തിയത്.

ലോകം മുഴുവന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഇത്. മെക്സിക്കോയില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ അവരുടെ കുട്ടികളില്‍ നിന്ന് വേര്‍പിരിക്കുന്ന അമേരിക്കയുടെ വിവാദ നയത്തിനെതിരെ ലോകത്തിന്റെ പ്രതിഷേധത്തെ ആളിക്കത്തിക്കുന്നതില്‍ ഈ ചിത്രം വലിയ പങ്കു വഹിച്ചു. രാജ്യത്തിനുള്ളില്‍ തന്നെ പ്രതിഷേധം കനത്തതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാതാപിതാക്കളെയും കുട്ടികളെയും വേര്‍പിരിക്കുന്ന നയത്തില്‍ മാറ്റം വരുത്തുകയുണ്ടായി.