ലോകകപ്പിന് ഇനി ആഴ്ചകള്‍ മാത്രം; വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം പരിശീലകന്‍ റിച്ചാര്‍ഡ് പൈബസിനെ പുറത്താക്കി

single-img
12 April 2019

ആന്റിഗ്വ: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ വെസ്റ്റിന്‍ഡീസ് പരിശീലകന്‍ റിച്ചാര്‍ഡ് പൈബസിനെ പുറത്താക്കി. ടീം അധികൃതര്‍ ഫ്ളോയ്ഡ് റെയ്ഫറിന് താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്. ഈ ലോകകപ്പ് അവസാനിക്കുന്നതുവരെ പൈബസിന് കരാറുണ്ട് എങ്കിലും ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് പുതിയ പ്രസിഡന്റ് റിക്കി സ്‌കെറിറ്റിന്റെ ഇടപെടലിലൂടെയാണ് പരിശീലകനെ പുറത്താക്കിയത്.

കോച്ച് സ്ഥാനത്ത് നിന്നും പൈബസിന്റെ പുറത്താകല്‍ ആവശ്യമായതും കണക്കുകൂട്ടലുകളോടെയുള്ളതുമാണെന്ന് റിക്കി വ്യക്തമാക്കി. ബാര്‍ബഡോസുസ് പ്രവിശ്യക്കാരനായ പുതിയ താത്ക്കാലിക പരിശീലകന്‍ 1997-2009 കാലയളവില്‍ വിന്‍ഡീസിനായി കളിച്ചിട്ടുണ്ട്. ടീമിനായി ആറ് ടെസ്റ്റുകളും, എട്ട് ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവും കളിച്ച റെയ്ഫറിന് കളിക്കാരനെന്ന നിലയില്‍ പരിചയസമ്പത്ത് കുറവാണ്. എന്നാല്‍ പരിശീലകനെന്ന നിലയില്‍ റെയ്ഫറിന്റെ മികവാണ് വിന്‍ഡീസ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കാരണം.

ഇതിന് മുന്‍പ് വെസ്റ്റിന്‍ഡീസ് എ ടീമിനെയും ടി20 ടീമിനെയും പരിശീലിപ്പിച്ച പരിചയം റെയ്ഫറിനുണ്ട്. ദേശീയ ടീമിനെ ലോകകപ്പില്‍ പരിശീലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് വ്യക്തമാക്കുന്നത്. പുറത്താക്കപ്പെട്ട പൈബസിന്റെ നേതൃത്വത്തില്‍ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. മാത്രമല്ല, ഏകദിന പരമ്പരയില്‍ 2-2 എന്ന നിലയിലെത്തിക്കാനും കഴിഞ്ഞു.