ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്; ജാതിയുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന പാടില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ

single-img
12 April 2019

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണവേദിയാക്കാന്‍ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടഭ്യര്‍ത്ഥന നടത്തരുത്. സമൂഹത്തില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയോ നിലവിലുള്ള ഭിന്നതകള്‍ വര്‍ധിപ്പിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല.

മറ്റ് പാര്‍ട്ടികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്‍ശനം ഉന്നയിക്കരുത്. വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക തുടങ്ങി തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റങ്ങളും അഴിമതി പ്രവര്‍ത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടിനുമുന്നില്‍ പ്രകടനം സംഘടിപ്പിക്കാനോ പിക്കറ്റിങ് നടത്താനോ പാടില്ല.

സ്വകാര്യ സ്ഥലം, കെട്ടിടം, മതില്‍ എന്നിവ ഉടമയുടെ അനുവാദമില്ലാതെ കൊടിമരം നാട്ടാനോ മുദ്രാവാക്യങ്ങള്‍ എഴുതാനോ പാടില്ല. മറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളും ജാഥകളും അനുയായികള്‍ തടസ്സപ്പെടുത്തുകയോ പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. ഒരു പാര്‍ട്ടിയുടെ യോഗം നടക്കുമ്പോള്‍ അതേ സ്ഥലത്ത് മറ്റൊരു പാര്‍ട്ടി ജാഥ നടത്താനും അനുമതിയില്ല.