‘ആ ദിവസം ഭാര്യ പൊട്ടിക്കരഞ്ഞു; വീട് മരണവീടായി’; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ‘പുലിവാലുപിടിച്ചു’

single-img
12 April 2019

കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം വോട്ടര്‍മാരുടെ മതവികാരം വ്രണപ്പെടുത്തിയതായി പരാതി. പയ്യന്നൂര്‍ അരവഞ്ചാലില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗത്തിലാണ് വോട്ടര്‍മാരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നത്.

എല്‍.ഡി.എഫ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ടിവി രാജേഷ് എം.എല്‍ എ ഇതു സംബന്ധിച്ച് കലക്ടര്‍ ഡോ. സജിത്ത് ബാബുവിന് പരാതി നല്‍കി. മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ഇത് ആവര്‍ത്തിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ അവഹേളിക്കുകയും മതവികാരം ഇളക്കി വിടുകയും ചെയ്യുന്ന പ്രസംഗം നടത്തിയെന്നാണ് പരാതി. എല്‍.ഡി.എഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്നും പ്രസംഗത്തില്‍ പറയുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച രാജ് മോഹന്‍ ഉണ്ണിത്താനെതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ പറയുന്നു. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പം സമര്‍പ്പിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച പയ്യന്നൂര്‍ അരവഞ്ചാലിലെ സ്വീകരണ പരിപാടിയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ നടപടികളും വിശദീകരിച്ചത്.

സര്‍ക്കാരിന്റെ ഒത്താശയോടെയാണ് യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതെന്നും ഉണ്ണിത്താന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. ശബരിമലയില്‍ ആചാരലംഘനം ദിവസം തന്റെ ഭാര്യ പൊട്ടിക്കരഞ്ഞെന്നും ഉണ്ണിത്താന്‍ പറയുന്നു. തന്റെ വീട് മരണ വീടുപോലെയായിരുന്നെന്നും ഉണ്ണിത്താന്‍ പറയുന്നു.