അമിത് ഷായോട് ‘കട്ടക്കലിപ്പില്‍’ തുഷാര്‍ വെള്ളാപ്പള്ളി; ചോദ്യങ്ങള്‍ക്ക് മിണ്ടാട്ടമില്ല; അങ്കലാപ്പിലായി കേരളത്തിലെ ബിജെപി നേതാക്കള്‍

single-img
12 April 2019

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വയനാടിനെക്കുറിച്ചു നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിഡിജെഎസിന് അതൃപ്തി. ബിജെപി അധ്യക്ഷന്റെ പരാമര്‍ശം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടിയാകുമെന്നും ന്യൂനപക്ഷ വോട്ടുകള്‍ ചോരാനാണ് സാധ്യതയെന്നുമാണ് ബിഡിജെഎസ് വിലയിരുത്തല്‍.

അമിത്ഷായുടെ പ്രസ്താവനയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്. അമിത് ഷായുടെ പരാമര്‍ശത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോടും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചില്ല. അമിത് ഷായെ ന്യായീകരിക്കാനോ തള്ളിപ്പറയാനോ തുഷാര്‍ വെള്ളാപ്പള്ളി തയ്യാറാകുന്നില്ലെങ്കിലും പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് ബിഡിജെഎസ് നേതൃത്വത്തില്‍ നിന്ന് കിട്ടുന്ന സൂചന.

അമിത് ഷാ വയനാടിനെ പാകിസ്ഥാനോട് ഉപമിച്ചത് കോണ്‍ഗ്രസും ഇടതുപക്ഷവും വയനാട്ടില്‍ ശക്തമായ പ്രചാരണ ആയുധമാക്കുകയാണ്. വോട്ട് ചോദിച്ച് വീടുവീടാന്തരം കയറുന്ന ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ പാകിസ്ഥാന്‍ പരാമര്‍ശത്തിന് മറുപടി പറയേണ്ട നില പലയിടത്തുമുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 44 ശതമാനം പ്രാതിനിധ്യമുള്ള വയനാട്ടില്‍ അമിത് ഷായുടെ പാകിസ്ഥാന്‍ പരാമര്‍ശം തിരിച്ചടിയാകും എന്നാണ് ബിഡിജെഎസിന്റെ വിലയിരുത്തല്‍. വയനാട് മണ്ഡലത്തില്‍ രണ്ടാം ഘട്ടം പ്രചാരണം പൂര്‍ത്തിയായ ഘട്ടത്തില്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുനിന്ന് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടി എന്ന നരേന്ദ്രമോദിയുടെ പരാമര്‍ശവും അതിന് പിന്നാലെ വന്ന അമിത് ഷായുടെ പാകിസ്ഥാന്‍ പ്രയോഗവും എന്‍ഡിഎക്ക് അനുകൂലമായി കിട്ടാനിടയുള്ള വോട്ടുകള്‍ ചോര്‍ത്തുമെന്നാണ് ബിഡിജെഎസിന്റെ ആശങ്ക.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എന്ന വിവാദത്തിന് തിരികൊളുത്തിയത് ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ഇതിന് തുടര്‍ച്ചയെന്നോണം യോഗി ആദിത്യനാഥിന്റെ വൈറസ് പരാമര്‍ശം. പാകിസ്താന്‍ കൊടി, ജിഹാദി സഖ്യം, പാക് സൃഷ്ടാക്കള്‍ തുടങ്ങി മുസ്ലിം ജനവിഭാഗങ്ങള്‍ക്കെതിരേ രാഹുലിനെ ലക്ഷ്യമിട്ട് വിവാദ പ്രസ്താവനകളുടെ വേലിയേറ്റം തന്നെ ബി.ജെ.പിയുടെ ഉന്നത നേതാക്കളില്‍ നിന്നുമെത്തി.

ബി.ജെ.പി കേരള നേതാക്കള്‍ യോഗിയുടേയും അമിത് ഷായുടേയും പ്രസ്താവനകള്‍ ഇതുവരെ ഏറ്റു പിടിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് രാഹുല്‍ വയനാട്ടില്‍ സഖ്യമുണ്ടാക്കിയിരിക്കുന്നത് ജിഹാദികളുമായിട്ടാണ് എന്ന് ആക്ഷേപിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ മണ്ഡലത്തില്‍ ഗുണപരമാവില്ലെന്ന വിലയിരുത്തലിലാണ് എന്‍.ഡി.എ ക്യാമ്പ്.

സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് തുടരുന്ന രൂക്ഷ വിമര്‍ശനങ്ങളും എന്‍.ഡി.എയുടെ വോട്ട് ചോര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിക്കുമെന്നും ബി.ഡി.ജെ.എസ് ഭയക്കുന്നു. ശബരിമല വിഷയത്തിലുണ്ടായ അനുകൂല നിലപാട് യോഗി ആദിത്യനാഥിന്റെയും അമിത് ഷായുടെയും വിദ്വേഷ പ്രസ്താവനകളിലൂടെ ഇല്ലാതാവുമെന്ന ആശങ്കയിലാണ് തുഷാര്‍ വെള്ളാപ്പള്ളി.

മണ്ഡലത്തില്‍ നിന്ന് പരമാവധി വോട്ട് പിടിച്ച് എന്‍.ഡി.എയിലെ ബി.ഡി.ജെ.എസിന്റെ കരുത്തറിയിക്കുക എന്നതും തുഷാറിന്റെ ആവശ്യമായിരുന്നു. അതിനാല്‍ പരമാവധി വര്‍ഗീയ പ്രസ്താവനകള്‍ ഒഴിവാക്കിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ ഉത്തരേന്ത്യയിലെ പോലെ കേരളത്തില്‍ വിലപ്പോവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ അകറ്റാന്‍ കാരണമാവുമെന്ന തിരിച്ചറിവില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തേണ്ട കാര്യമില്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തെ ബി.ഡി.ജെ.എസ് അറിയിച്ചതായാണ് വിവരം.