തുഷാർ വെള്ളാപ്പള്ളിക്ക് കിട്ടിയത് ‘എട്ടിന്റെ പണി’

single-img
12 April 2019

ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലിം ജന വിഭാവങ്ങളുടെ വോട്ടുകൾ വിധി നിർണയത്തിന്റെ നെടും തൂണാവുന്ന മണ്ഡലങ്ങളിലൊന്നാണ് വയനാട്. മലപ്പുറം ജില്ലയിലെ മുന്ന് നിയോജക മണ്ഡലങ്ങൾ വയനാടിനോട് ചേരന്നിരിക്കുന്നവെന്നത് തന്നെയാണ് ഇതിന് കാരണം. ഇവിടുത്തെ മുസ്ലിം വിഭാഗങ്ങളുടെ വോട്ടുകൾ രാഹുലിന് മാത്രമല്ല തങ്ങൾക്കും ലഭിക്കുമെന്നതിൽ സംശയമില്ലെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളി മണ്ഡലത്തിൽ നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്.

എന്നാൽ ഇതിനിടെ മുസ്ലിം ലീഗിനെതിരേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത് അക്ഷാർഥത്തിൽ തുഷാർ വെള്ളാപ്പള്ളിക്ക് തന്നെ തരിച്ചടിയായിരിക്കുകയാണ്.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് എന്ന വിവാദത്തിന് തിരികൊളുത്തിയത് ആഴ്ചകൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ഇതിന് തുടർച്ചയെന്നോണം യോഗി ആദിത്യനാഥിന്റെ വൈറസ് പരാമർശം. പാകിസ്താൻ കൊടി, ജിഹാദി സഖ്യം, പാക് സൃഷ്ടാക്കൾ തുടങ്ങി മുസ്ലിം ജനവിഭാഗങ്ങൾക്കെതിരേ രാഹുലിനെ ലക്ഷ്യമിട്ട് വിവാദ പ്രസ്താവനകളുടെ വേലിയേറ്റം തന്നെ ബി.ജെ.പിയുടെ ഉന്നത നേതാക്കളിൽ നിന്നുമെത്തി.

ബി.ജെ.പി കേരള നേതാക്കൾ യോഗിയുടേയും അമിത് ഷായുടേയും പ്രസ്താവനകൾ ഇതുവരെ ഏറ്റു പിടിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം കോഴിക്കോട് വാർത്താസമ്മേളനം നടത്തിയ ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് രാഹുൽ വയനാട്ടിൽ സഖ്യമുണ്ടാക്കിയിരിക്കുന്നത് ജിഹാദികളുമായിട്ടാണ് എന്ന് ആക്ഷേപിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ മണ്ഡലത്തിൽ ഗുണപരമാവില്ലെന്ന വിലയിരുത്തലിലാണ് എൻ.ഡി.എ ക്യാമ്പ്.


സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് തുടരുന്ന രൂക്ഷ വിമർശനങ്ങളും എൻ.ഡി.എയുടെ വോട്ട് ചോർച്ചയിൽ കാര്യമായ പങ്ക് വഹിക്കുമെന്നും ബി.ഡി.ജെ.എസ് ഭയക്കുന്നു. ശബരിമല വിഷയത്തിലുണ്ടായ അനുകൂല നിലപാട് യോഗി ആദിത്യനാഥിന്റെയും അമിത് ഷായുടെയും വിദ്വേഷ പ്രസ്താവനകളിലൂടെ ഇല്ലാതാവുമെന്ന ആശങ്കയിലാണ് തുഷാർ വെള്ളാപ്പള്ളി.
മണ്ഡലത്തിൽ നിന്ന് പരമാവധി വോട്ട് പിടിച്ച് എൻ.ഡി.എയിലെ ബി.ഡി.ജെ.എസിന്റെ കരുത്തറിയിക്കുക എന്നതും തുഷാറിന്റെ ആവശ്യമായിരുന്നു.

അതിനാൽ പരമാവധി വർഗീയ പ്രസ്താവനകൾ ഒഴിവാക്കിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. മതവിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ ഉത്തരേന്ത്യയിലെ പോലെ കേരളത്തിൽ വിലപ്പോവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇത് പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അകറ്റാൻ കാരണമാവുമെന്ന തിരിച്ചറിവിൽ കൂടുതൽ ദേശീയ നേതാക്കൾ പ്രചരണത്തിനെത്തേണ്ട കാര്യമില്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തെ ബി.ഡി.ജെ.എസ് അറിയിച്ചതായാണ് വിവരം.

കടപ്പാട് :മാതൃഭൂമി